പാട്ന: സര്‍ക്കാര്‍ ജോലി നേടുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. ഭാവി സുരക്ഷിതമാക്കാം എന്നതുതന്നെയാണ് അതിന്റെ പ്രധാന കാരണവും. എന്നാല്‍ ഒന്നിലധികം വകുപ്പുകളില്‍ ഒരേ സമയം ജോലി തുടര്‍ന്ന് ഒരാള്‍ സര്‍ക്കാരിനെ പറ്റിച്ചത് ഒന്നും രണ്ടുമല്ല, മുപ്പത് വര്‍ഷമാണ്. ബീഹാറിലാണ് സംഭവം. സുരേഷ് റാമെന്നയാളാണ് ഇങ്ങനെ ഒരേ സമയം മൂന്നു വകുപ്പില്‍ ജോലിയും ശമ്പളവുമായി കഴിഞ്ഞത്. കഴിഞ്ഞ 30 വര്‍ഷമായി മൂന്ന് സര്‍ക്കാര്‍ വകുപ്പുകളിലാണ് ഒരേസമയം ഇയാള്‍ ജോലി ചെയ്തിരുന്നത്.
1988 ല്‍ പാട്ന കെട്ടിട നിര്‍മാണ വകുപ്പിന്റെ കീഴില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് സുരേഷ് റാം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഒരുവര്‍ഷത്തിന് ശേഷം ഇയാള്‍ക്ക് സിറ്റി വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ജൂനിയര്‍ എഞ്ചിനീയറായി നിയമിച്ചുകൊണ്ടുള്ള നിയമന കത്ത് വന്നു. പിന്നാലെ അടുത്ത നിയമനവുമെത്തി. എന്നാല്‍ മികച്ച ജോലി തിരഞ്ഞെടുക്കേണ്ടതിന് പകരം അയാള്‍ ഉത്തരവുകളെല്ലാം കൈപ്പറ്റി മൂന്ന് വകുപ്പുകളിലും ജോലി തുടര്‍ന്നു. പിടിയിലാകുമ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലാണ് ഇയാള്‍
ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കിഷന്‍ഗഞ്ച്, ബാങ്ക, സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളില്‍ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു.
ALSO READ: മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
എങ്ങനെയാണ് ഇയാള്‍ ഇത്രയും കാലം മൂന്ന് ജോലികളും ചെയ്തുകൊണ്ടിരുന്നതെന്ന് വ്യക്തമല്ല. ബീബാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചിലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെന്‍സീവ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റ(സി.എഫ്.എം.എസ്) മാണ് സുരേഷ് റാമിന്റെ തട്ടിപ്പ് കണ്ടുപിടിച്ചത്. ആധാര്‍, പാന്‍, ജനന തിയതി തുടങ്ങിയവ സി.എഫ്.എം.എസില്‍ രേഖപ്പെടുത്തണം. ഇങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തിയപ്പോഴാണ് സുരേഷ് റാം പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments