
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് നിന്നു നിര്‍മ്മല സീതാരാമനെ മാറ്റണമെന്നാവശ്യവുമായി കോൺഗ്രസ്. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിര്‍മലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അടിസ്ഥാന വിവരങ്ങള്‍ പോലും ധനമന്ത്രിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വീറ്റിലൂടെ വ്യക്തമാക്കി. രാജ്യത്ത് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
Read also: ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമെന്ന് വിലപിക്കുന്നവരുടെ നാവടപ്പിച്ച് ധനകാര്യമന്ത്രി
‘ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം. ബഹുമാനപ്പെട്ട ധനമന്ത്രി പറയുന്നത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ചൈനയേയും അമേരിക്കയേയും അപേക്ഷിച്ച് ഉയര്‍ന്നതാണെന്നാണ്. പക്ഷേ മാഡം, അമേരിക്കയ്ക്ക് 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം. ചൈനയുടേത് 14.8 ലക്ഷം കോടിയും. ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും.’എന്നായിരുന്നു സഞ്ജയ് ഝായുടെ വിമർശനം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്നും എന്നാല്‍ അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Post Your Comments