പാലാ: പ്രളയം എല്ലാവര്‍ക്കും ദുരിതങ്ങളും ദുരന്തങ്ങളുമാണ് സമ്മാനിക്കുന്നതെങ്കില്‍ ഇവിടെ പാലാക്കാരുടെ അമ്മാവന് സമ്മാനിച്ചത് 30 വര്‍ഷം മുമ്പ് കണ്ട മക്കളേയും കുടുംബത്തേയും. മൂന്നുപതിറ്റാണ്ടിനുശേഷം മകനും കുടുംബവുമായുള്ള പുനഃസമാഗമമാണു പാലായില്‍ ലോട്ടറി വിറ്റുനടന്ന വാസുപിള്ളയ്ക്കായി പ്രകൃതി കാത്തുവച്ചത്. പാലാക്കാരനായ വാസുപിള്ള കൃഷി സ്വപ്‌നം കണ്ട് കണ്ണൂരിലെ മലയോരഗ്രാമത്തിലേയ്ക്ക് കുടിയേറുകയായിരുന്നു. കണ്ണൂരിലെ ചെറുപുഴ, മാവുങ്കല്‍ വീട്ടില്‍ താമസമാരംഭിക്കുമ്പോള്‍ ഭാര്യയും മക്കളായ ബാബുവും വിജയനും വാസുവിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ 29 വര്‍ഷം മുമ്പ്് ഭാര്യയുടെ മരണത്തിനു ശേഷം മക്കളോട് പറയാതെ വാസു വീട് വിട്ടിറങ്ങി പാലായിലെത്തി. പിന്നീട് നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ സഹായിയായി ജോലി ചെയ്തു. എന്നാല്‍ പ്രായമായതോടെ ലോട്ടറി വില്‍പ്പനക്കാരനായി. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു അന്തിയുറക്കം.
ഇതിനിടെ ഈ പ്രളയത്തില്‍ മീനച്ചിലാര്‍ വീണ്ടും കരകവിഞ്ഞു. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ദയനീയചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വന്നതോടെ വാസുപിള്ളയുടെ ഭൂതകാലം ചിലര്‍ ചികഞ്ഞത്. വാര്‍ത്ത പാലാ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനോയ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ഒന്‍പതിനു വാസുപിള്ളയെ പാലാ മരിയസദനത്തിലെത്തിച്ചു. വര്‍ഷങ്ങളായി വാസുവിനെ തെരയുകയായിരുന്ന മകന്‍ ബാബുവും വാര്‍ത്ത കണ്ടു. ഇന്നലെ രാവിലെ ബാബുവും മകന്‍ നിതീഷും ബന്ധുക്കളും മരിയസദനത്തിലെത്തി. മൂന്നു പതിറ്റാണ്ടിനുശേഷം കണ്ടുമുട്ടിയ അച്ഛനും മകനും ആലിംഗനബദ്ധരായി.
Post Your Comments