ന്യൂഡല്‍ഹി: കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ,വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന് പാകിസ്താന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന് യു.എനിന് കത്ത് നല്കി. പാകിസ്താന്റെ ആവശ്യപ്രകാരം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യന്‍ നടപടി ഇന്ന് യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യും. അനൗദ്യോഗിക ചര്‍ച്ച ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 7.30 നാണ്. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നല്കിയ കത്ത് പരിഗണിച്ചാണ് നടപടി. പാകിസ്താന് പ്രാഥമികമായി ഉന്നയിച്ച ആവശ്യം പരിഗണിക്കണമെന്ന് ചൈനയാണ് നിലപാട് എടുത്തത്. അതേസമയം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കുള്ള പിന്തുണ സമിതിയില്‍ ഉണ്ടാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.
15 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഒമ്പത് അംഗങ്ങളുടെയെങ്കിലും പിന്തുണ കിട്ടിയാല്‍ മാത്രമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുക്കുക. എന്നാല്‍ ചൈനയുടെ പിന്തുണയോടെയുള്ള പാകിസ്താന്റെ ആവശ്യത്തിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വേണ്ടത്ര പിന്തുണ കിട്ടിയില്ല. തുറന്ന ചര്‍ച്ചയ്ക്കായിരുന്നു പാകിസ്താന്റെ ശ്രമം. കശ്മീരില്‍ വിഷയം 1971 മുതല്‍ ഉള്ളതാണെന്നും കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലും പാകിസ്താന് ഈ ആവശ്യം ഉന്നയിച്ചിരുന്നതായും ഖുറേഷി നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാതില്‍ അടച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളാകാമെന്ന് ബുധനാഴ്ച റഷ്യ നിലപാട് എടുത്തിരുന്നു. എന്നിരുന്നാലും ഇന്ത്യയും പാകിസ്താനും രാഷ്ട്രീയപരമായും നയതന്ത്രപരമായുമുള്ള ഉഭയകക്ഷി ചര്‍ച്ചയല്ലാതെ മറ്റൊരു പരിഹാരം ഇതിനില്ല എന്നാണ് റഷ്യയുടെ നിലപാട്.
Post Your Comments