ആലപ്പുഴ: “ഞങ്ങള്‍ക്ക് വര്‍ഷാവര്‍ഷം സൗജന്യ അരിയും വേണ്ട… വസ്‌ത്രവും വേണ്ട… സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനുള്ള സൗകര്യം ചെയ്‌തുതന്നാല്‍ മതി…” കുട്ടനാട്ടിലെ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉമ്പിക്കാരത്ത് കുഞ്ഞുമോളുടെ വാക്കുകളില്‍ സങ്കടവും അമര്‍ഷവും രോഷവും. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ഒരു മാസത്തിലേറെ വീടുവിട്ട് പോകേണ്ടിവന്നു. ഓണത്തിന് പോലും കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലെത്താനായില്ല. അന്നത്തെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ഇത്തവണയും പ്രളയം വന്നപ്പോള്‍ വീട്ടില്‍നിന്ന് പോകേണ്ട അവസ്‌ഥ വന്നിരിക്കുകയാണ്. പല വീടുകളിലെയും ശൗചാലയങ്ങളും മുങ്ങിയതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഇടമില്ലാതായി. കുട്ടനാട് പാക്കേജില്‍ പ്രധാനമായി നടന്ന പുറംബണ്ട് നിര്‍മാണങ്ങളൊക്കെയും ജനവാസം കുറഞ്ഞ മേഖലകളിലെ കായല്‍നിലങ്ങളിലായിരുന്നു. ആറുപങ്ക് ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളുടെ ഇരുവശവും കല്ലുകെട്ടി ഉയര്‍ത്തി സംരക്ഷിച്ചാല്‍ മടവീഴ്‌ചയില്‍നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാനാകുമെന്നാണ് കുഞ്ഞുമോളുടെ അഭിപ്രായം.
സമീപത്തെ ആറുപങ്ക് പാടം മടവീണതാണ് കുഞ്ഞുമോളെപ്പോലെ നൂറുകണക്കിനാളുകള്‍ക്കു തിരിച്ചടിയായത്. ആറുപങ്ക് ബണ്ടിലെ അജിമോനും കുടുംബത്തിനും മടവീഴ്‌ചയില്‍ വീട് അപ്പാടെ നഷ്‌ടമായി. വെള്ളപ്പാച്ചിലില്‍ വീട് തകര്‍ന്നുപോകുകയായിരുന്നു. സ്‌ഥലത്തില്ലാതിരുന്നതിനാല്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും ജീവിതത്തില്‍ ഒന്നും ബാക്കിയില്ലാത്തതിന്റെ വേദനയിലാണു കുഞ്ഞുമോനും കുടുംബവും. ആലപ്പുഴ ജില്ലയിലെ ആറു താലൂക്കിലുമായി 101 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
Post Your Comments