കൊച്ചി: ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ പല മേഖലയിലും ചെറിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പലയിടങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങി. പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഞായറാഴ്ച ഉച്ചമുതല്‍ സുഗമമായി നടക്കുന്നുണ്ട്.
എറണാകുളം ജില്ലയുടെ വിവിധ താലൂക്കുകളിലായി നിലവില്‍ 63 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 11,258 പേര്‍ ക്യാമ്പുകളിലാണ്. പറവൂര്‍ താലൂക്കില്‍ 30 ക്യാമ്പുകളും ആലുവയില്‍ 21 ക്യമ്പുകളുമാണുള്ളത്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിലെ 167 ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചു.
നീരൊഴുക്ക് കുറഞ്ഞതോടെ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇരുപത് സെന്റിമീറ്റര്‍ ആയി താഴ്ത്തിയിട്ടുണ്ട്. ദുരന്ത ബാധിത മേഖലകളിലേക്ക് നല്‍കാനായി ഇന്നും എറണാകുളം കളക്ട്രേറ്റില്‍ സംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 50 സെന്റിമീറ്റര്‍ വീതമാണ് അരുവിക്കര ഡാമിന്റെ ഒരോ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് തുറന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
Post Your Comments