Festivals

കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനിയായ ആമചാടി തേവന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

കെ.പി. കേശവമേനോന്റെ വളരെ അടുത്ത അനുയായിയായിരുന്ന കണ്ണൻ കേശവമേനോൻ വഴിതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടു

കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത വിപ്ലവകാരിയായിരുന്നു ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ. ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശത്തുള്ള ഒരു തുരുത്താണ് ആമചാടി. 56 ഏക്കർ വരുന്ന ഈ തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണൻ തേവൻ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്നത്.

പുലയസമുദായത്തിലായിരുന്നു കണ്ണൻ തേവന്റെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കണ്ണൻ അനൗപചാരികമായ വിദ്യാഭ്യാസം നേടിയത് പെരുമ്പളത്തിലുള്ള ഒരു പ്രമുഖ നായർ തറവാടിന്റെ സഹായത്തോടെയാണ്. ചെറുപ്പത്തിൽ തന്നെ പുരാണ മതഗ്രന്ഥങ്ങളോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും രചനകൾ മനഃപാഠമാക്കിയിരുന്നു.

കെ.പി. കേശവമേനോന്റെ വളരെ അടുത്ത അനുയായിയായിരുന്ന കണ്ണൻ കേശവമേനോൻ വഴിതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടു. ഗാന്ധി തേവനെ ജീവിതത്തിലെ പ്രധാനമായ സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ടുന്ന ആദർശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.

വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തിയിരുന്നു. പൂത്തോട്ടസംഭവം അല്ലെങ്കിൽ പൂത്തോട്ട കേസ് എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന് പ്രചോദനം എന്ന വേണമെങ്കിൽ പറയാം. പൂത്തോട്ട സംഭവത്തിൽ അറസ്റ്റിലായ തേവൻ ജയിൽമോചിതനായപ്പോൾ ആദ്യം പോയത് വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ്. എന്നാൽ പിന്നീട് രചിക്കപ്പെട്ട മുഖ്യധാരാചരിത്രങ്ങളിൽ തേവന്റെ പങ്കാളിത്തം വൈക്കം സത്യാഗ്രഹത്തിന്റെ ഏട്ടിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കപ്പെട്ടു എന്നും ആരോപണമുണ്ടായിട്ടുണ്ട്.

ജയിലിൽ നിന്നും പുറത്തു വന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. ശേഷകാലം വിപ്ലവകാരിയും മാധ്യമപ്രവർത്തകനുമായ ടി.കെ. മാധവന്റെ ശ്രമഫലമായി തേവന്റെ പേരിൽ ഒരേക്കർ സ്ഥലം പതിച്ചുകൊടുത്തു. തേവന്റെ അവസാനകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആമചാടിയിൽ വെച്ചുതന്നെയായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button