കൊച്ചി: മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ നല്‍കിയ അറിയിപ്പ്. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തേ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളം നീക്കാനും, റണ്‍വേ അടക്കം വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരുന്നു വിമാനത്താവളം തുറക്കുന്നത് നീട്ടിയത്. എന്നാല്‍ വലിയ പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നതിനാലാണ് വിമാനത്താവളം നേരത്തേ തുറക്കാന്‍ തീരുമാനിച്ചെന്ന് സിയാല്‍ അറിയിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ടാം തീയതിയാണ് വിമാനത്താവളം അടച്ചത്.
ALSO READ: ദുരിതപ്പെയ്ത്ത് തുടരുന്നു; സംസ്ഥാനത്തെ മരണം 60 കവിഞ്ഞു, കനത്ത ജാഗ്രത
വിമാനത്താവളത്തിന്റെ പിറക് വശത്തുള്ള ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാന കാരണം. ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.
ALSO READ: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികൾ രംഗത്ത്
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10, 11 തിയതികളില്‍ ഇവിടെ നിന്നുള്ള 12 വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസ് നടത്തുക. ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമങ്ങളും നടത്തി വരികയാണ്. സര്‍ക്കാരിന്റെ ആവശ്യ പ്രകാരം സര്‍വീസ് നടത്താന്‍ നേവി അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments