കൊച്ചി: ഏറെക്കാലത്തെ ഇടിവിന് ബ്രേക്കിട്ട്, ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നലെ വന്‍ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 636 പോയിന്റുയര്‍ന്ന് 37,327ലും നിഫ്‌റ്റി 176 പോയിന്റ് നേട്ടവുമായി 11,032ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ജൂലായ് അഞ്ചിന് അവതരിപ്പിച്ച ബഡ്‌ജറ്രില്‍ എഫ്.പി.ഐയ്ക്കുമേല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധിക ആദായ നികുതി (സര്‍ചാര്‍ജ്) ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അന്നുമുതല്‍ കഴിഞ്ഞ വ്യാപാര സെഷന്‍ വരെയായി 13 ലക്ഷം കോടിയോളം രൂപയുടെ നഷ്‌ടമാണ് സെന്‍സെക്‌സിന്റെ മൂല്യത്തിലുണ്ടായത്.
സര്‍ചാര്‍ജിന് പുറമേ, 2018ലെ ബഡ‌്ജറ്രില്‍ ഏര്‍പ്പെടുത്തിയ ഓഹരികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയും (എല്‍.ടി.സി.ജി) കേന്ദ്രം പിന്‍വലിച്ചേക്കുമെന്ന സൂചനകളും ഇന്നലെ നിക്ഷേപകര്‍ക്ക് ആശ്വാസമായി. നോട്ടിഫിക്കേഷനിലൂടെയോ ഓര്‍ഡിനന്‍സ് വഴിയോ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. മുന്നേറ്റത്തെ തുടര്‍ന്ന് ഇന്നലെ സെന്‍സെക്‌സിന്റെ മൂല്യത്തില്‍ 1.93 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ചതും നിക്ഷേപകരെ ആവേശത്തിലാഴ്‌ത്തി.
തുടര്‍ച്ചയായ നാലാംതവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ കുറച്ചത്.അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്‌ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്. ഇന്നലെ 200 രൂപ ഉയര്‍ന്ന് പവന്‍വില പുതിയ ഉയരമായ 27,400 രൂപയിലെത്തി. 25 രൂപ വര്‍ദ്ധിച്ച് 3,425 രൂപയാണ് ഗ്രാം വില. അന്താരാഷ്‌ട്ര വില ഇന്നലെ ഔണ്‍സിന് ആറുവര്‍ഷത്തെ ഉയരമായ 1,500 ഡോളറില്‍ എത്തിയതാണ് ആഭ്യന്തര വിലക്കുതിപ്പിനും കാരണം.
Post Your Comments