KeralaLatest News

വടകര വിലങ്ങാട്ട് ഉരുള്‍പൊട്ടലില്‍ നാലുപേരെ കാണാതായ സംഭവം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

വടകര: വടകര വിലങ്ങാട് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തി. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീകൂല കാലാവസ്ഥ കാരണം എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് രക്ഷാപ്രവര്‍ത്തം വൈകാന്‍ കാരണം. വിലങ്ങാട് ആലുമൂലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. വിലങ്ങാട് അങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലൂര്‍ റോഡിലാണ് അപകടമുണ്ടായത്. 7 വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം. ടൗണില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. തകര്‍ന്ന 4 വീടുകളില്‍ ആളുകള്‍ ഇല്ലായിരുന്നു. ഒരു വീട്ടില്‍ ഭാര്യും ഭര്‍ത്താവും മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭര്‍ത്താവ് ദാസന്‍ രക്ഷപ്പെട്ടു. ഭാര്യയെ കാണാനില്ല. മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെയും കാണാനില്ല. ഒരു പിക്കപ്പ് വാന്‍, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി.

ALSO READ: രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു, ഞങ്ങളെ രക്ഷിക്കൂ- അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എംഎല്‍എ

പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിവരമറിഞ്ഞ ഉടന്‍ തഹസില്‍ദാറുള്‍പ്പെട്ട സംഘം വിലങ്ങാട്ടേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഉടന്‍ എത്തിപ്പെടാന്‍ സാധിച്ചില്ല. വടകര തഹസില്‍ദാര്‍ കെ കെ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തന് നേതൃത്വം നല്‍കുന്നത്. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് കാരണം വൈകുകയാണ്.

അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളില്‍പ്പെട്ട് ഇന്ന് പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മാഫുല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

ALSO READ: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമായി;സൈനിക സഹായം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി

ഇതിനിടെ, വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലന്‍പാറ സ്വദേശി ജോയി ആണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button