KeralaLatest News

തോരാമഴയില്‍ മുങ്ങി കേരളം; കഴിഞ്ഞ വര്‍ഷത്തെ കാലാവസ്ഥ ആവര്‍ത്തിക്കുന്നെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഉത്തരകേരളം ദുരിതത്തിലായിരിക്കുകയാണ്. പേമാരിയും കാറ്റും ഉരുള്‍പൊട്ടലും മൂലം വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ ഭീതിയിലാണ്. മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരളം വീണ്ടും പ്രളയഭീതിയിലാഴുമോ എന്ന ഭയമാണ് എല്ലാവര്‍ക്കും. എന്നാല്‍ കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്‌നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു.വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മണ്ണിടിച്ചിലും കാറ്റും ശക്തമായതോടെ ഗതാഗതം സ്തംഭിച്ച അവസ്ഥയാണ് പലയിടങ്ങളിലും. ഇതോടെയാണ് വീണ്ടും ഒരു പ്രളയകാലത്തിന്റെ ഭീതിയിലേക്ക് കേരളം നീങ്ങുന്നത്.

കഴിഞ്ഞ പ്രളയകാലത്തെയും ഈ വര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിഗതികളും വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മോഹന്‍ കുമാര്‍ എന്നയാള്‍ എഴുതിയ ഈ കുറിപ്പില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെ അതേ കാലാവസ്ഥാരീതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 8ന് ഒഡീഷയുടെ തീരത്ത് ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ പ്രളയത്തിന് പ്രധാന പങ്കു വഹിച്ചതെന്ന് ഈ കുറിപ്പില്‍ പറയുന്നു. ആ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും ഈര്‍പ്പവും കേരളത്തിലേക്ക് പ്രവഹിച്ചിരുന്നു. ഇന്നും അതേ അവസ്ഥ തന്നെയാണെന്നും പ്രളയത്തിന് സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ‘ അന്ന് മദ്ധ്യ കേരളത്തില്‍ ആയിരുന്നു കനത്ത മഴ .ഇന്ന് അത് ഉത്തര കേരളത്തില്‍ ആണ് . ചില സ്ഥലങ്ങളില്‍ നേരിയ വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടെങ്കിലും ഒരു പ്രളയ സാദ്ധ്യത ഇല്ല’ എന്ന് പറയുന്ന ഈ കുറിപ്പില്‍ കഴിഞ്ഞ വര്‍ശത്തേതില്‍ നിന്നും വ്യത്യസ്തമായി ഉള്ള ചില ഘടകങ്ങളെക്കുറിച്ചും പറയുന്നു.

ALSO READ: കേരളത്തില്‍ തോരാമഴ : മരണ സംഖ്യ ഉയരുന്നു : കടല്‍ ക്ഷോഭവും ഉരുള്‍ പൊട്ടലും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

വാട്ട്‌സ്ആപ്പ് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കാലാവസ്ഥയുടെ ആവര്‍ത്തനം
ആഗസ്റ്റ് 8

കഴിഞ്ഞ വര്‍ഷത്തെ അതേ കാലാവസ്ഥാ രീതി ആവര്‍ത്തിക്കുന്നു . അന്ന് ആഗസ്ത് 8 ന് ഒഡിഷയുടെ തീരത്തു ഒരു ന്യൂന മര്‍ദം ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു .അന്നത് കേരളത്തിലെ പ്രളയത്തിന് പ്രധാന പങ്ക് വഹിച്ചു .

ഇന്ന് അതി ശക്തമായ ഒരു ഡിപ്രഷന്‍ ഒഡിഷയുടെ മുകളില്‍ നീങ്ങുന്നു .അന്ന് ശക്തമായ പടിഞ്ഞാറന്‍ കാറ്റും ഈര്‍പ്പവും കേരളത്തിലേക്ക് പ്രവഹിച്ചിരുന്നു .ഇന്നും അതുതന്നെ അവസ്ഥ .അന്ന് പ്രളയത്തിന് മുന്നോടി ആയുള്ള മഴ തുടങ്ങിയിരുന്നു .

പക്ഷേ ഒരു വ്യത്യാസം ഉണ്ടായത് (ഇതുവരെ ) അന്ന് മദ്ധ്യ കേരളത്തില്‍ ആയിരുന്നു കനത്ത മഴ .ഇന്ന് അത് ഉത്തര കേരളത്തില്‍ ആണ് . ചില സ്ഥലങ്ങളില്‍ നേരിയ വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടെങ്കിലും ഒരു പ്രളയ സാദ്ധ്യത ഇല്ല .കാരണം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഉള്ള ഘടകങ്ങള്‍ .

1 . മണ്ണ് റീച്ചാര്‍ജ് ചെയ്തു പൂര്‍ണ്ണമായിട്ടില്ല . നിറഞ്ഞ മണ്ണില്‍ അധിക ജലം എത്തുമ്പോഴാണ് മര്‍ദം കൂടി ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാകുന്നത് .ഒപ്പം വെള്ളം മണ്ണിലിറങ്ങാതെ ഒഴുകി വെള്ളപൊക്കം ഉണ്ടാകുന്നത്

2 .പ്രളയം നദികളുടെ വീതിയും ആഴവും കൂട്ടി
യതിനാല്‍ ഒഴുക്കിന്റെ വേഗത കൂടി വെള്ളം പെട്ടെന്ന് കടലിലേക്ക് പോകും .

3 .ഡാമുകള്‍ നിറഞ്ഞു കവിയാന്‍ മാത്രം നീരൊഴുക്കില്ല .

4 . അന്ന് പശ്ചിമ ഘട്ടത്തില്‍ ഇടുക്കിക്കു മുകളില്‍ ഒരു Rain band രൂപം കൊണ്ടിരുന്നു .ഇതുവരെ അങ്ങിനെ ഒന്നില്ല .

5 .തെക്കന്‍ ജില്ലകളില്‍ മണ്‍സൂണ്‍ പ്രവാഹം കുറവാണ് .

6 .നദികള്‍ അധികം നിറഞ്ഞിട്ടില്ല .

7 .കഴിഞ്ഞ വര്‍ഷം ആഗസ്ത് 10 മുതല്‍ ഒരാഴ്ച്ച ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നു .നദികളിലെ വെള്ളം കടലില്‍ എത്താന്‍ തടസ്സമായി .ഇപ്പോള്‍ ഇതുവരെ ആ അവസ്ഥ ഇല്ല .

കാലാവസ്ഥ ആയതിനാല്‍ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കും .കഴിഞ്ഞ ആഗസ്റ്റ് 8 ന് ഒരു പ്രളയത്തിന്റെ സാദ്ധ്യത ആരും മുന്നില്‍ കണ്ടിരുന്നില്ല .എന്നാല്‍ ആഗസ്റ്റ് 14 ന് ആണ് കാര്യങ്ങള്‍ മാറി മറിഞ്ഞത് .

നിലവിലെ സ്ഥിതി ഇതാണെങ്കില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടലുകള്‍ വ്യാപകം ആകുന്നെങ്കില്‍ സ്ഥിതി മാറും .കഴിഞ്ഞ വര്‍ഷം ഏതാണ്ട് 400 അറിഞ്ഞ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി .ഉള്‍വനത്തിലെ ഉരുള്‍പൊട്ടലുകള്‍ അറിഞ്ഞിട്ടും ഇല്ല .കുത്തൊഴുകി വരുന്ന വെള്ളം പെട്ടെന്ന് നദികളിലെ ജല നിരപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഉയര്‍ത്തും .ജാഗ്രത വേണ്ട മണിക്കൂറുകളാണ് മുന്നില്‍ .

ALSO READ: നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടും; വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ച തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button