KeralaLatest News

കേരളത്തില്‍ തോരാമഴ : മരണ സംഖ്യ ഉയരുന്നു : കടല്‍ ക്ഷോഭവും ഉരുള്‍ പൊട്ടലും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. മലപ്പുറം എടവണ്ണ ഒതായില്‍ വീട് ഇടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആര്‍പ്പൂക്കര വയലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. മാക്കൂര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് സഖാഫി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

വയനാട്ടില്‍ ഉരുള്‍ പൊട്ടല്‍ രൂക്ഷമാണ്. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്റ്റേറ്റ് കാന്റീനും തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തയും ബാധിച്ചിട്ടുണ്ട്.

വടകര വിലങ്ങാട് ഉരുള്‍ പൊട്ടി നാലുപേരെ കാണാതായി. മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കോട്ടയം ഈരാറ്റുപേട്ടയിലും ഉരുള്‍ പൊട്ടലുണ്ടായി. പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടി ഒറ്റപ്പെട്ട നിലയിലാണ്. മിക്ക നദികളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഭവാനി, ശിരുവാണി, മണിമലയാര്‍, പമ്പ തുടങ്ങിയവ കരകവിഞ്ഞു. നദീ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണ്ണിടിച്ചിലിനെയും ഉരുല്‍ പൊട്ടലിനെയും തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതവും താറുമാറായി. വൈദ്യുതി ബന്ധവും മിക്കയിടങ്ങളിലും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button