കൊച്ചി: നിയമപരമായി വിവാഹം കഴിക്കണം. ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം, അതിനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതിമാര്‍. തങ്ങള്‍ സ്വവര്‍ഗ പുരുഷ ദമ്പതിമാരാണെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും. 2018 ജൂലായിലാണ് ഇരുവരും ക്ഷേത്രത്തില്‍വെച്ച് മോതിരം മാറി വിവാഹിതരാകുന്നത്.
ഒരു സ്വകാര്യ ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് നികേഷും സോനുവും പരിചയപ്പെടുന്നത്. പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു ഇവരുടെ വിവാഹം. ഇന്‍ഫോപാര്‍ക്കിലാണ് എം.എസ്. സോനു ജോലി ചെയ്യുന്നത്. നികേഷിന് എറണാകുളത്ത് ബിസിനസും. എന്നാല്‍ തങ്ങളുടെ ബന്ധം വിവാഹത്തിലേക്കെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്ന് ഈ ദമ്പതികള്‍ പറയുന്നു. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് അമ്മയെ പറഞ്ഞുമനസ്സിലാക്കിക്കാന്‍ ഏറെസമയം വേണ്ടിവന്നതായി ഗുരുവായൂര്‍ സ്വദേശിയായ നികേഷ് പറയുന്നു. അധികം വൈകാതെതന്നെ അമ്മയ്ക്കു തന്റെ സ്വത്വത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നും പിന്നീട് മൂത്ത രണ്ടുസഹോദരിമാരെയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയെന്നും നികേഷ് പറഞ്ഞു.
ALSO READ: സുഷമ യാത്രയായത് സ്‌മൃതിക്ക് നൽകിയ വാക്ക് പാലിക്കാതെ.. വിതുമ്പലോടെ സ്‌മൃതി
ജോലി കിട്ടിയശേഷം വീട്ടുകാര്‍ തനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയ സമയത്താണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം കൂത്താട്ടുകുളം സ്വദേശിയായ സോനു വീട്ടില്‍ പറയുന്നത്. കാര്യം അറിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍, വീട്ടുകാര്‍ ഡോ. സി.ജെ. ജോണിന്റെ അടുത്തെത്തിക്കുകയും അദ്ദേഹം വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയുമായിരുന്നു. പിന്നീടു തന്റെ എല്ലാകാര്യത്തിലും വീട്ടുകാര്‍ തന്നെ മുന്‍െൈക എടുത്തെന്നാണ് സോനു പറയുന്നത്.
തങ്ങളുടെ അവകാശങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്, അത് അനീതിയാണെന്നും സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നും ഈ ദമ്പതികള്‍ പറയുന്നു. സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്‌നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെയുള്ളൂ എന്നാണ് ഇരുവരുടെയും അഭിപ്രായം.
Post Your Comments