Latest NewsIndia

രാജ്യം മുഴുവന്‍ സുഷമ സ്വരാജിന്റെ വേര്‍പാടില്‍ വിതുമ്പുമ്പോള്‍ ഗീതയുടെ ഭാഷയിലെ പ്രണാമങ്ങളും നൊമ്പരമാകുന്നു

2015 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗീത ഇന്ത്യയില്‍ എത്തുന്നത്.

ന്യൂഡല്‍ഹി: ചെറുപ്രായത്തിലെപ്പൊഴോ കൂട്ടം തെറ്റി പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയ്ക്ക് പുതു ജീവന്‍ നല്‍കിയ സുഷമ സ്വരാജ് അവൾക്ക് ‘അമ്മ തന്നെയായിരുന്നു. ഇന്ന് ആ അമ്മയ്ക്ക് തന്റെ ഭാഷയില്‍ അവള്‍ യാത്രാമൊഴി അറിയിക്കുമ്പോള്‍ അവളില്‍ ആ അമ്മയോടുള്ള സ്‌നേഹാദരവുകള്‍ പ്രകടമായിരുന്നു. ഏഴുവയസ്സുള്ളപ്പോഴാണ് ബധിരയും മൂകയുമായ ഗീത അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയത്. അവിടുന്ന് പോലീസിന്റെ പിടിയിലായ ഗീത തുടര്‍ന്ന് 15 വര്‍ഷക്കാലം കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്റെ സംരക്ഷണത്തിലായിരുന്നു. 

2015 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗീത ഇന്ത്യയില്‍ എത്തുന്നത്.തിരികെ എത്തിയ ഗീതയ്ക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല, മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ എത്തിയെങ്കിലും ആരേയും അവള്‍ തിരിച്ചറിഞ്ഞില്ല. അന്നും ഒരു അമ്മയുടേത് എന്ന പോലെ ധൈര്യം നല്‍കി അവളോടൊപ്പം നില്‍ക്കാന്‍ സുഷമ ഉണ്ടായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ഗീതയെ ഇന്‍ഡോറില്‍ പാര്‍പ്പിച്ചു. ഏതെങ്കിലും അപരിചിതരയോ മാധ്യമങ്ങളെയോ കാണാന്‍ ഗീതയെ അനുവദിച്ചില്ല.

ബധിരരായ കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ അവള്‍ക്ക് പഠന സൗകര്യവുമൊരുക്കി.അവള്‍ തനിച്ചാവരുതെന്ന് സുഷമയ്ക്ക് നിര്‍ബന്ധമണ്ടായിരുന്നു. അതിനായി സുഷമ സ്വരാജ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹ കാര്യം പ്രഖ്യാപിച്ചത്. അങ്ങനെ ഗീതയെ പോലെ ദിവ്യാംഗനായ വരനെ സുഷമ കണ്ടെത്തിയെങ്കിലും ഗീത അതു നിരസിച്ചു. ഇതിനു ശേഷമാണു വരനെ കണ്ടെത്താനുള്ള ശ്രമം വിപുലമാക്കിയത്.

എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നു. ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം.വിവാഹം കഴിക്കുന്ന വരന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കും. എന്നാല്‍ ഇതിനായി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരണ്ട എന്ന ഒരമ്മയുടെ കര്‍ക്കശ നിലപാടിലായിരുന്നു സുഷമ സ്വരാജ്. ഇന്ന് ഗീതക്കും രാജ്യത്തിനൊപ്പം അവളുടെ അമ്മയെ നഷ്ടമായി.

shortlink

Post Your Comments


Back to top button