Latest NewsKerala

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; പ്രളയ ദുരിതത്തില്‍ നിന്നും കരകയറാനൊരുങ്ങി ടൂറിസം മേഖല

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 14.81 ശതമാനം വര്‍ധനയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തില്‍ ഉണ്ടായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 6,39,271 സഞ്ചാരികളാണ് അധികമായെത്തിയത്. പ്രളയം വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്നും തിരിച്ചു കയറാനുള്ള ശ്രമത്തിലാണിപ്പോള്‍ സംസ്ഥാനത്തെ ടൂറിസം മേഖല.

പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഈവര്‍ഷം 1,82,320 സഞ്ചാരികളെ ആകര്‍ഷിച്ച് 8.74 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 1,67,666 വിദേശ സഞ്ചാരികളാണ് എത്തിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 15.05 ശതമാനമാണു വളര്‍ച്ച. ജനുവരി മുതല്‍ മാര്‍ച്ചുവരെ 46,12,937 പേരാണ് എത്തിയത്. കഴിഞ്ഞവര്‍ഷമിത് 43,18,406 ആയിരുന്നു.

വിനോദസഞ്ചാരികള്‍ ഏറ്റവും എത്തിയത് എറണാകുളം ജില്ലയിലാണ്. 1.71 ലക്ഷം പേരാണ് ഇവിടെയെത്തിയത്. .35 ലക്ഷം സഞ്ചാരികളുമായി ഇടുക്കി രണ്ടാം സ്ഥാനത്തുണ്ട്. കൊല്ലവും തൃശ്ശൂരും ഒഴികെ മറ്റെല്ലാ ജില്ലകളിലും വിനോദസഞ്ചാരികളുടെ വരവ് കൂടിയതായാണ് കണക്ക്. വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ അതിവേഗം അതിജീവിച്ചതിനാലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button