ന്യൂഡൽഹി: 2003 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. യൂട്യൂബിലെ സ്വന്തം ചാനലിൽ ഒരു വിഡിയോയിൽ അക്തർ ഇക്കാര്യം വ്യക്തമാക്കുന്നത്. 2003 മാർച്ച് ഒന്നിനു ദക്ഷിണാഫ്രിക്കയിൽ നടന്ന മൽസരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. തന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസിന്റെ ക്യാപ്റ്റൻസിയിലെ പോരായ്മകളുമാണ് തോൽവിക്ക് പിന്നിലെന്ന അക്തർ വ്യക്തമാക്കുന്നു.
മൽസരത്തിനു തലേദിവസം രാത്രി നടന്ന ചില സംഭവങ്ങളാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. മൽസരത്തിനു മുൻപ് വലത് കാൽമുട്ടിൽ 4–5 ഇൻജക്ഷനുകൾ എടുത്തിരുന്നു. തുടർന്ന് കാൽമുട്ടിൽ നീർകെട്ട് ഉണ്ടായി. ഇത് എന്റെ ബോളിങ്ങിനെ കാര്യമായി ബാധിച്ചു. മികച്ച രീതിയിൽ ഓടാൻ സാധിച്ചില്ല. കളത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരുന്ന സച്ചിനെയും സേവാഗിനെയും എങ്ങനെ ഒതുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ മൽസരത്തിൽ പത്ത് ഓവറുകളിൽനിന്ന് 72 റൺസാണ് വിട്ടുകൊടുത്തത്. നേടിയതാകട്ടെ സച്ചിന്റെ തെൻഡുൽക്കറുടെ ഒരേയൊരു വിക്കറ്റ് മാത്രം. പാകിസ്ഥാന്റെ ബാറ്റിങ് കഴിഞ്ഞപ്പോൾ ഞങ്ങൾ 30–40 റൺസ് കുറവാണ് എടുത്തതെന്ന് ഞാൻ ടീം അംഗങ്ങളോടു പറഞ്ഞു. എന്നാല്‍ 273 നല്ല സ്കോറാണെന്നു പറഞ്ഞ് സഹതാരങ്ങൾ എന്നോടു തർക്കിക്കുകയായിരുന്നുവെന്നും അക്തർ വ്യക്തമാക്കുന്നു.
Post Your Comments