കൊച്ചി: മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. എറണാകുളം ഏലൂരില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണ് വീടുകളിലേറെയും തകര്‍ന്നത്. ഇതോടെ, പ്രദേശത്തെ വൈദ്യുത വിതരണം പൂര്‍ണമായും തകരാറിലായി.
ഏലൂര്‍ നഗരസഭാ പരിധിയിലെ 12,17,19 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കി. തെങ്ങ് ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. ഒട്ടേറ വീടുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശത്ത് അധികം മഴയുണ്ടായിരുന്നില്ല. വലിയ മഴയില്ലാതെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം ചുഴലിക്കാറ്റ് വീശിയടച്ചതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. ഇത്രയും ശക്തമായ കാറ്റ് തങ്ങളുടെ ഓര്‍മ്മയില്‍ തന്നെ ആദ്യമെന്ന് പ്രദേശത്തെ മുതിര്‍ന്നവരും അഭിപ്രായപ്പെടുന്നു.
ചുഴലിക്കാറ്റില്‍ 53 വീടുകള്‍ തകര്‍ന്നു. ഫാക്ടിന്റെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കും കേടുപാടുകളുണ്ടായി. പോസ്റ്റുകള്‍ തകര്‍ന്നു വീണതോടെ പ്രദേശത്തെ വൈദ്യുത ബന്ധവും നിലച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് റോഡിലേയ്ക്ക് വീണ വലിയ മരങ്ങള്‍ നീക്കം ചെയ്തത്. ആലുവ, ഏലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments