വാഷിംഗ്ടണ്‍: ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു. ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ALSO READ:ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; കശ്മീര്‍ പ്രശ്‌നത്തില്‍ ഉത്കണ്ഠയറിയിച്ച് ഐക്യരാഷ്ട്ര സഭ
വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവരെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും സമീപകാല പ്രശ്‌നങ്ങള്‍ ക്രമസമാധാന ചര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതല്‍ തടങ്കലില്‍ എടുക്കാനുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് ആശങ്കയറിയിച്ച് അമേരിക്ക രംഗത്തെത്തിയത്.
ഇതിന് പിന്നാലെ, ഇന്തയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ഇന്ത്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട കര്യങ്ങളല്ല. പകരം നിയന്ത്രണരേഖയിലെ സൈനിക നടപടി വര്‍ധിപ്പിച്ചതിലെ ആശങ്കയാണ് യുഎന്‍ പങ്കുവെച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളുണ്ടാകും. ഇരു രാജ്യങ്ങളും സമാധാനം പുലര്‍ത്തണമെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കും വ്യക്തമാക്കി
Post Your Comments