തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ എസ്.ഐക്കെതിരെയും ആരോപണം. കേസില്‍ മ്യൂസിയം എസ് ഐ ഗുരുതര വീഴ്ച വരുത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. അപകടം സ്റ്റേഷനിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ എസ് ഐയ്ക്ക് വീഴ്ച പറ്റിയെന്നുമാണ് ആരോപണം. രക്തസാമ്പിളുകള്‍ ശേഖരിക്കാനും എസ്‌ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം, ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. രക്തസാംപിള്‍ എടുക്കാന്‍ പോലീസ് മനഃപൂര്‍വം വൈകിപ്പിച്ചത് ശ്രീരാമിനെ തുണയ്ക്കുമെന്ന കണക്ക് കൂട്ടല്‍ ഇതോടെ ശക്തമാവുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്. അപകടസ്ഥലത്തെത്തിയ പോലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നില്ല.
ALSO READ: വീണ്ടും നാടകീയ രംഗങ്ങള്‍; ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ സെല്ലില്‍ നിന്നും മാറ്റി
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നില്ല എന്നത് ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പോലീസ് ഒത്താശ നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. അതിനിടെ മദ്യത്തിന്റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്.
Post Your Comments