തിരുവനന്തപുരം: കോടതി മെഡിക്കല്‍ കോളജിലെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രത്യേക പരിഗണന. റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പ്രത്യേകം പോലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിനു പകരം ശ്രീറാമിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കര്‍ശന സുരക്ഷയാണ് മെഡിക്കല്‍ കോളേജില്‍ ശ്രീറാമിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീറാമിന് ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇത് സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിട്ടില്ല. മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിട്ടില്ല.
ശ്രീറാമിനു കൈയ്യിലും നട്ടെല്ലിലും ചെറിയ രീതിയിലുള്ള പരുക്കു മാത്രമാണുള്ളതെന്നു നേരത്തെ ചികില്‍സിച്ച സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശ്രീറാമിനെ ആദ്യം പരിശോധനയ്ക്കെത്തിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും പരിക്ക് സാരമുള്ളതല്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം സ്വന്തം താല്പര്യപ്രകാരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. റിമാന്‍ഡ് പ്രതി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നതിനാലാണ് അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തു മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയത്. പൂജപ്പുര ജയിലെത്തിച്ച് നടത്തിയ പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളജിലെ പോലീസ് സെല്ലിലേക്ക് ശ്രീറാമിനെ മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതെന്തിനാണെന്ന ചോദ്യമാണിപ്പോള്‍ ബാക്കിയാകുന്നത്. ശ്രീറാമിന്റെ രക്ത പരിശോധനാഫലം ഇന്നു സമര്‍പ്പിക്കാനാണ് മജിസ്ട്രേട്ട് നിര്‍ദേശിച്ചിരിക്കുന്നത്.
ALSO READ : ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; എസ്.ഐക്കെതിരെയും ആരോപണം
അതേസമയം, മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണത്തിനു കാരണമായ അപകടം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിനു വീഴ്ച വന്നെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. മ്യൂസിയം എസ്ഐ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അപകടം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ശ്രീറാമിന്റെ രക്ത സാമ്പിള്‍ എടുക്കുന്നതിലും വീഴ്ച വന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണ് പൊതുഭരണവകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
Post Your Comments