ന്യൂഡല്‍ഹി: കശ്മീരിനെ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്തുകളയാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ എസ്.ഡി.പി.ഐ ശക്തമായി അപലപിച്ചു. ഭരണഘടന നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നത് കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. 1947ല്‍ ഇന്ത്യയുടെ ഭാഗമാവുമ്പോള്‍ മഹാരാജ ഹരിസിങുമായി ഒപ്പുവച്ച പ്രധാന ഉടമ്പടിയാണ് ആര്‍ട്ടിക്കിള്‍ 370 എന്നും ഇത് റദ്ദാക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും എസ്.ഡി.പി.ഐ. ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
‘ മേഖയലെ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഉടമ്പടിയായാണു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിനു മാറ്റംകൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 2018ലെ സുപ്രിംകോടതി ഉത്തരവില്‍ ഇതിനെ ‘താല്‍ക്കാലികം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഒരു ശാശ്വത സ്വഭാവമുള്ളതാണെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 മുതല്‍ താഴ് വരയില്‍ കനത്ത സൈനിക വിന്യാസമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിവരുന്നത്. വലതുപക്ഷ ഹിന്ദുത്വ സംഘടനകളെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രനീക്കങ്ങളെന്നു വ്യക്തമാണ്.
ആര്‍ട്ടിക്കിള്‍ 370 ശാശ്വതമായി നിലനില്‍ക്കുന്നതാണെന്നു സുപ്രിംകോടതിയും ഹൈക്കോടതികളും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജനവിരുദ്ധവും വിവേകശൂന്യവുമായ ഇത്തരം നടപടികളിലൂടെ ആഭ്യന്തരമന്ത്രി കശ്മീരിലെ മിതവാദ നേതൃത്വങ്ങളെപ്പോലും അകറ്റുകയും സൈനിക നീക്കങ്ങളിലൂടെ താഴ് വരയിലെ പ്രശ്‌നങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും അടിച്ചമര്‍ത്തുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം അവകാശങ്ങളുടെ ആര്‍ട്ടിക്കിളുകള്‍ നിലനില്‍ക്കുന്നുണ്ട്.
ആര്‍ട്ടിക്കിള്‍ 371 എ പ്രകാരം നാഗാലാന്‍ഡില്‍ പൗരത്വ നിയമം പ്രയോഗിക്കിനാവില്ല. ഭൂരിഭാഗം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭൂമിയുടെ ക്രയവിക്രയം സാധ്യമല്ല. ഇത്തരം ഫാഷിസ്റ്റ് നടപടികള്‍ക്കെതിരേ പുരോഗമന, മതേതര, ജനാധിപത്യ ശക്തികള്‍ അണിനിരക്കണമെന്നും എം കെ ഫൈസി അഭ്യര്‍ത്ഥിച്ചു
Post Your Comments