KeralaLatest NewsCrime

കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത് ആസിഡ് ആക്രമണത്തിന്; സുഭാഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്നില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ മുന്‍ ഭര്‍ത്താവ് സുഭാഷ് വിദേശത്തേക്ക് കടന്നതായി സംശയം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുത്തിയതും ആസിഡൊഴിച്ച് പരിക്കേല്‍പിച്ചതും മുന്‍ ഭര്‍ത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി. ബന്ധം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു താനും സുഭാഷും. എന്നാല്‍ പല തവണ സുഭാഷ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സുഭാഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. യുവതിയുടെ മൊഴിക്ക് സമാനമായ ആരോപണങ്ങളാണ് ഇന്നലെ യുവതിയുടെ അച്ഛനടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നത്.

സംഭവശേഷം രക്ഷപെട്ട സുഭാഷിനായി പോലീസ് അന്വേഷണം തുടങ്ങി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങള്‍ വഴിയും അന്വേഷണം തുടങ്ങി. കുവൈത്തില്‍ ജോലിയുള്ള പ്രതി അവിടേക്ക് രക്ഷപ്പെട്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്ക് സുഭാഷിന്റെ വിശദാംശങ്ങളും ഫോട്ടോകളും പോലീസ് കൈമാറി. ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യവും പോലീസിന്റെ പരിഗണനയില്‍ ഉണ്ട്.

എന്നാല്‍ സുഭാഷ് നാട്ടിലെത്തിയ വിവരം അറിയില്ലെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്താനായി ആരെയും അറിയിക്കാതെ ഇയാള്‍ കുവൈത്തിലെ ജോലിസ്ഥലത്തു നിന്നും നാട്ടിലേക്ക് വരികയായിരുന്നെന്നാണ് സൂചന. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ മുതുകിലാണ് പൊള്ളലേറ്റത്. കൈത്തണ്ടയില്‍ കുത്തേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തതോടെ യുവതിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോഴിക്കോട് മുക്കത്തിനടുത്തുള്ള കാരശ്ശേരി ആനയാംകുന്നില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സുഭാഷ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. സ്വകാര്യക്ലിനിക്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതി ആക്രമണത്തിന് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button