തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ആയിരിക്കേ കയ്യേറ്റക്കാരെ കൂച്ചുവിലങ്ങിടാന്‍ ധൈര്യം കാട്ടി എല്ലാവരുടെയും റോള്‍ മോഡല്‍ ആയ ശ്രീറാം വെങ്കിട്ടരാമന്‍ ഹീറോയിൽ നിന്ന് സീറോ ആയത് വളരെ പെട്ടെന്നാണ്. ഐഎഎസ് ഉപരിപഠനം കഴിഞ്ഞ് വിദേശത്തുനിന്ന് ശ്രീറാം തിരിച്ചെത്തിയത് അടുത്തിടെയാണ്. അതിന്റെ ആഘോഷത്തിലായിരുന്നു ശ്രീറാമും കൂട്ടരും. അമിതമായി മദ്യപിച്ച നിലയിലായതിനാല്‍ തന്നെ വീട്ടില്‍ കൊണ്ടുപോയി വിടണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീറാം തന്നെ വിളിച്ചതെന്ന് കൂടെയുണ്ടായിരുന്ന പെൺസുഹൃത്ത് വഫ ഫിറോസ് മൊഴി നൽകുകയുണ്ടായി.
രാത്രി 12.40 ന് ശ്രീറാം പറഞ്ഞപ്രകാരം കവടിയാറില്‍ എത്തി. ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചത്. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണ്. അമിത വേഗതയിലായിരുന്നു കാര്‍ എന്ന് വഫ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വഫയുടെ കാര്‍ മൂന്നു മാസത്തിനുള്ളില്‍ മൂന്നു തവണ ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനൊന്നും ഇവര്‍ പിഴയടച്ചിരുന്നില്ല. കാറിന്റെ ചില്ലുകള്‍ കറുത്ത കൂളിംഗ് സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചിരിക്കുന്ന രീതിയിലാണ്. ശ്രീറാമും പലതവണ ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ട്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും അമിത വേഗതയില്‍ വാഹനമോടിച്ചതിനും പല തവണ പിടി വീണിട്ടുണ്ടെങ്കിലും ഐ.എ.എസുകാരനാണെന്ന് കണ്ടതോടെ പോലീസ് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
Post Your Comments