KeralaLatest News

നടപ്പാത കയ്യേറി കച്ചവടം; ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് വ്യാപാരികള്‍

ഇടുക്കി: നടപ്പാത കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു. മൂന്നാര്‍ മെയിന്‍ ബസാറിലെ നടപ്പാത കയ്യേറി വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികള്‍ തടഞ്ഞത്. വ്യാപാരികളുടെ നേതൃത്വത്തിലുള്ള സംഘം റവന്യൂ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. റവന്യൂ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് പ്രതിഷേധത്തിനിരയാകേണ്ടി വന്നത്.

യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം നടപ്പാത കയ്യേറിയതോടെയാണ് അധികൃതര്‍ സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയത്. എന്നാല്‍, കച്ചവടക്കാരും കടകളിലെ ജീവനക്കാരും പ്രതിഷേധിച്ചിറങ്ങിയതോടെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലു തവണ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും വ്യാപാരികള്‍ വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് റവന്യൂ സംഘം ഇതൊഴിപ്പിക്കാനെത്തിയത്.

ഉദ്യോഗസ്ഥരെത്തുമ്പോള്‍ തന്നെ വ്യാപാരികള്‍ വില്‍പ്പന വസ്തുക്കള്‍ പിന്‍വലിക്കുമെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ വീണ്ടും പഴയ നിലയിലാകും. ബസാറിനുള്ളിലെ കടകള്‍ വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശനത്തിനായി പുറത്തെത്തിക്കുന്നത് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ചതോടെ ഇതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നടപടിക്കൊരുങ്ങിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്താണ് ആദ്യം നടപടിയെടുത്തിരുന്നത്. ഇതേതുടര്‍ന്ന്, പഞ്ചായത്ത് സെക്രട്ടറി തന്നെ നേരിട്ടെത്തി കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഇത് വീണ്ടും പഴയപോലെയാവുകയായിരുന്നു. തുടര്‍ന്ന് സബ് കളക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ടു തവണയാണ് ഇവിടെ ഒഴിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button