Latest NewsKerala

വൈകുന്നേരത്തെ സഭയില്‍ അവളെ മൊത്തമായങ്ങ് വെര്‍ബല്‍ റേപ്പ് ചെയ്തെടുക്കും. പിറ്റേന്ന് പുലര്‍ച്ചേ അവളുടെ മുഖത്ത് നോക്കി തന്നെ മാന്യമായി ചിരിക്കും-ഡോ. ഷിംനയുടെ കുറിപ്പ്

ആരോഗ്യപരിപാടിയില്‍ ഹെപ്പറ്റൈറ്റിസ് ബി പകരുന്ന വിധം വിശദീകരിക്കാനിടയായ അനുഭവം പങ്കുവെച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ്. എയിഡ്സ് പകരുന്നത് വിവാഹേതരബന്ധത്തിലൂടെ’ എന്നെഴുതിയതിനെ കുറിച്ചും എയിഡ്സിനെ കുറിച്ചുള്ള തെറ്റായ ധാരണകളെ കുറിച്ചും ഷിംന തന്റെ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ദിവസം ഒരു ആരോഗ്യപരിപാടിയിൽ ഹെപ്പറ്റൈറ്റിസ്‌ ബി പകരുന്ന വിധം വിശദീകരിച്ചത്‌ – ‘ദമ്പതികൾക്കിടയിൽ ലൈംഗികബന്ധത്തിലൂടെ’ എന്ന്‌ !

“അതെന്താ ചേച്ചീ, ദമ്പതികളല്ലാത്തവർ ബന്ധപ്പെടുമ്പോ ഹെപ്പറ്റൈറ്റിസ്‌ ബി വൈറസ്‌ കണ്ടം വഴി ഇറങ്ങിയോടുമോ? ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം ആർക്കിടയിലും പകരാം. ” എന്ന്‌ പിറുപിറുത്ത്‌ കേരള സിലബസിന്റെ ഹൈസ്‌കൂൾ ജീവശാസ്ത്രം ടെക്‌സ്‌റ്റെടുത്തു.

“എയിഡ്‌സ്‌ പകരുന്നത്‌ വിവാഹേതരബന്ധത്തിലൂടെ” എന്നെഴുതിയേക്കുന്നു. സന്തോഷം, കഴുത്തിൽ താലി കെട്ടിയവർക്കിടയിൽ HIV കമാന്നൊരക്ഷരം പറയൂല. അവർക്കിടയിലൊരാൾക്ക്‌ രക്‌തദാനം വഴിയോ സിറിഞ്ച്‌ വഴിയോ കിട്ടിയ ശേഷം അവർ ജീവിതപങ്കാളിക്ക്‌ കൈമാറിയാലോ?

അങ്ങനെയൊന്നും പറയാൻ പാടില്ല. നോ ക്വസ്‌റ്റ്യൻ ഇൻ സ്‌റ്റോറി.

വിവാഹേതരബന്ധത്തെയും ഒന്നിലേറെ പങ്കാളികൾ ഉണ്ടാകുന്നതിൽ സാധ്യമായ ശാരീരികഭീഷണികളും അഡ്രസ്‌ ചെയ്യേണ്ടത്‌ വരികൾക്കിടയിൽ സദാചാരം കള്ളക്കടത്ത്‌ നടത്തിയല്ലെന്ന്‌ ആരോട്‌ പറയാനാണ്‌? ആര്‌ കേൾക്കാനാണ്‌ ! ചക്കയെ ചക്ക എന്നും മാങ്ങയെ മാങ്ങ എന്നും പറയാതെ പഠിപ്പിക്കുന്നതിന്റെ ദൂഷ്യഫലമാണ്‌ കൃത്യമായ ലൈംഗികവിദ്യാഭ്യാസമില്ലാത്ത തലമുറയിൽ ചെന്ന്‌ കലാശിക്കുന്നത്‌, അവർ ഇത്രയേറെ പീഡനങ്ങൾ സഹിക്കേണ്ടി വരുന്നതും ഈ വിഷയത്തെക്കുറിച്ച്‌ പഠിപ്പിക്കേണ്ട രീതിയിൽ പഠിപ്പാക്കാഞ്ഞിട്ടാണ്‌.

ഇജ്ജാതി ഹിപ്പോക്രിസി കണ്ട്‌ തല പെരുത്തിരിക്കുമ്പോഴാണ്‌ നടി ഷക്കീലയുടെ ഇന്റർവ്യൂ കണ്ടത്‌. അവർ ചെയ്‌തിരുന്നത്‌ ഒരു ജോലിയാണെന്നും അതിന്‌ മുൻപുണ്ടായിരുന്ന തന്റെ കുടുംബത്തിന്റെ അവസ്‌ഥയുമെല്ലാം എത്ര ക്ലാരിറ്റിയോടെയാണ്‌ ആ സ്‌ത്രീ വിശദീകരിക്കുന്നത്‌ ! അതിനിടയിൽ അവരെ വിചാരണ ചെയ്യാൻ വന്ന സദാചാരപ്രബോധകയെയും തന്റെ വരികളിലെ ആത്മാർത്‌ഥത കൊണ്ടവർ തേച്ചൊട്ടിച്ച്‌ കളഞ്ഞു.

എണ്ണമറ്റ ട്രാൻസ്‌ജെൻഡർ വ്യക്‌തികൾക്കായി ജീവിക്കുന്ന ഷക്കീലയേയും, മൂന്ന്‌ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തുന്ന സണ്ണി ലിയോണിനെയും അവരുടെ പൂർവ്വകാലം പേറുന്ന വിളിപ്പേരുകളിൽ ബന്ധിച്ച്‌ അവരുടെ ചിത്രങ്ങൾ നോക്കി പല നേരത്തെ നുരയുന്ന കൊതി തീർത്ത്‌ പുറത്തിറങ്ങി ലെഗിംഗ്‌സിട്ട പെണ്ണിന്റെ കാല്‌ നോക്കി നല്ലോണമൊന്ന്‌ ആസ്വദിച്ച്‌ “ഓരോരുത്തിമാരുടെ ചേലും കോലവും കണ്ടാൽ…” എന്ന്‌ ഉരുവിട്ട്‌ കൂടെയൊരു തെറിവാക്കും പറഞ്ഞ്‌ വഷളൻ ചിരി ചിരിച്ച്‌ വഴിയരികിലെ പരദൂഷണകേന്ദ്രത്തിൽ കയറിയിരുന്ന്‌ അവൻ മതപ്രസംഗങ്ങളിലേക്ക്‌ ഊളിയിടും, സംവാദങ്ങളും അഭിപ്രായങ്ങളും സദാചാരബോധവും തിളച്ച്‌ മറിയും… അതിനൊരു ന്യായീകരണവുമുണ്ട്‌ – “ആണുങ്ങൾ അങ്ങനെ തന്നെയാണല്ലോ!”

രാവിരുട്ടുമ്പോ പിന്നേം വീട്ടിൽ കേറും. ഏതെങ്കിലും ഒരു ഫേക്ക്‌ ഐഡിയുടെ പാസ്‌ വേഡിട്ട്‌ കയറി പച്ച കത്തിയ പെണ്ണ്‌ ഓൺലൈൻ ഉണ്ടോന്നറിയാൻ അവനൊരു ‘hi’ എറിയും… അവൾ ചീത്ത വിളിച്ച്‌ ബ്ലോക്ക്‌ ചെയ്‌താൽ അവളും പിഴച്ചവൾ. പാതിരാക്ക്‌ പെണ്ണുങ്ങളെന്തിനാ ഓൺലൈൻ ഇരിക്കുന്നേ !! !^#%^@^

അതല്ലെങ്കിൽ വൈകുന്നേരത്തെ സഭയിൽ അവളെ മൊത്തമായങ്ങ്‌ വെർബൽ റേപ്പ്‌ ചെയ്‌തെടുക്കും. പിറ്റേന്ന്‌ പുലർച്ചേ അവളുടെ മുഖത്ത്‌ നോക്കി തന്നെ മാന്യമായി ചിരിക്കും.

ഇരട്ടത്താപ്പ്. കണ്ണ്‌ കൊണ്ട്‌ ഉളുപ്പില്ലാതെ ചോരയൂറ്റുന്നവരുടേയും സദാചാരക്കുരുക്കളുടെയും ഇടയിൽ ശ്വാസം വിടാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്ന പെണ്ണ്‌, കുഞ്ഞുങ്ങൾ… “ഒരു പുരുഷൻ എത്ര പെണ്ണുങ്ങളെ കൊണ്ട്‌ നടന്നാലും അവന്റെ മിടുക്ക്‌ എന്നേ ആളുകൾ പറയൂ. ഒരു പെണ്ണിന്റെ പേരിന്റെ കൂടെ ആരുടെയെങ്കിലും പേരുണ്ടെന്ന്‌ ആരെങ്കിലും ഒന്ന്‌ ഊഹിച്ചാൽ പോലുമുണ്ടല്ലോ, അവൾ കഴിഞ്ഞു.” ഇതൊരു സംസാരത്തിനിടയിൽ ആധികാരികമായി പറഞ്ഞത്‌ ജീവിതത്തിൽ പലരേയും ചിരിച്ച്‌ ചതിക്കുന്നതായി കണ്ട നല്ല അസ്സൽ ഫ്രോഡുകളിൽ ഒരാളാണ്‌. റിയൽ ലൈഫിൽ അഭിനയിക്കുന്നവരെ സൂക്ഷിക്കണമെന്ന്‌ പഠിപ്പിച്ചത്‌ അയാളാണ്‌. കള്ളിനും കാശിനും സ്വന്തം കാര്യത്തിനും വേണ്ടി ന്യായത്തെ ഒറ്റുന്ന നിലപാടില്ലാത്ത വിഷക്കായകൾ. സൂക്ഷിക്കണം, ചതിച്ചു കളയും.

അപ്പോഴും അതിനെയും ന്യായീകരിക്കാൻ ആളുണ്ടാകും. ഇടുപ്പിൽ മുളച്ചൊരവയവത്തിന്റെ മാത്രം പേരിൽ പേറുന്ന പേക്കൂത്തുകൾ. ഒരു ഹിപ്പോക്രാറ്റിന്റെ മാത്രം പ്രിവിലേജുകൾ.

മാറ്റമുണ്ടാകണമെന്ന്‌ തോന്നിയിട്ട്‌ കാര്യമില്ല. കതിരിലല്ല വളം വെക്കേണ്ടത്‌. ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞാൽ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടുമായിരിക്കും.

(ഇങ്ങനെയല്ലാത്ത ഒരുപാട്‌ നല്ല മനുഷ്യരെയറിയാം. ‘Man’ എന്നതിലപ്പുറം ‘Human’ ആയവർ. അവർ ക്ഷമിക്കണം. നിങ്ങളുടെ നല്ല പേര്‌ കൂടി കളയാൻ ഈ ടൈപ്പ്‌ മാരണങ്ങളുണ്ടല്ലോ !)

https://www.facebook.com/shimnazeez/posts/10157690694102755

shortlink

Related Articles

Post Your Comments

Related Articles


Back to top button