തിരുവനന്തപുരം: സ്വര്ണപ്പണയത്തിന്മേല് കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മന്ത്രി വി എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്കിനും നല്കിയ പരാതിയാണ് തീരുമാനം വേഗത്തിലാക്കിയത്.
ധനസെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്ക് മാനേജിങ് ഡയറക്ടര്‍മാരുമായി 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ കൈപ്പറ്റുന്നവരില്‍ ഏറെയും കര്‍ഷകരല്ലെന്ന വ്യാപക പരാതി കണക്കിലെടുത്താണു നടപടി. സ്വര്‍ണം ഈടാക്കി നല്കുന്ന കാര്‍ഷിക വായ്പകളിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പലിശ സബ്സിഡി വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ് വിലയിരുത്തല്‍. കേന്ദ്രസംഘം സംസ്ഥാനത്തെത്തി ഇതേക്കുറിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
സബ്സിഡി കൃഷി വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് നല്കുമ്പോള് സഹായം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്നതാണ് പുതിയ തീരുമാനത്തിന്റെ മെച്ചം.കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 80,000 കോടി രൂപ കൃഷി വായ്പായി സംസ്ഥാനത്ത് വിതരണം ചെയ്തതില്‍ 60,000 കോടിയോളം സ്വര്‍ണ ഈടിന്മേലുള്ള വായ്പയാണ്. പലിശ സബ്സിഡിയായി ലഭിച്ച 2100 കോടിയോളം രൂപയില്‍ വലിയൊരു തുക ഈ വായ്പകള്‍ക്ക് ലഭിച്ചു. തുടര്‍ന്ന്, യഥാര്‍ഥ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു.
കാര്‍ഷിക വായ്പക്ക് നാലുശതമാനം പലിശക്കാണ് കര്ഷകന് നല്‍കുന്നത്. അഞ്ചുശതമാനം പലിശ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. ഈ സബ്സിഡി സ്വര്‍ണപ്പണയ കൃഷി വായ്പയുടെ മറവില്‍ വന്‍തോതില്‍ അനര്‍ഹരുടെ കൈകളിലെത്തുന്നുവെന്ന് സംസ്ഥാന കൃഷിവകുപ്പ് കേന്ദ്ര കൃഷി മന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചു.
Post Your Comments