Latest NewsIndia

വീട് വെച്ചോളൂ, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല; പുതിയ നിര്‍ദേശങ്ങളുമായി കോര്‍പ്പറേഷന്‍

തിരുവനന്തപുരം: ഇനി വീട് പണിയണമെങ്കില്‍ ചില നിര്‍ദേശങ്ങളൊക്കെ പാലിക്കണം. നഗരത്തിലെ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കോര്‍പ്പറേഷന്‍. നഗരാസൂത്രണ സ്ഥിരം സമിതിയുടേതാണ് നിര്‍ദ്ദേശങ്ങള്‍. ജലസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഈ നിബന്ധനകള്‍.

മഴവെള്ളം മണ്ണിലേക്കിറങ്ങുന്നത് തടയും വിധം മുറ്റം പൂര്‍ണമായും ഇന്റര്‍ലോക്ക്, തറയോട്, ടൈല്‍ എന്നിവ പാകുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, വെള്ളം ഭൂമിയിലേക്കിറങ്ങുന്ന തരത്തിലുള്ള തറയോടോ ഇന്റര്‍ലോക്കോ ചെയ്യുന്നതിന് തടസമില്ല. 3 സെന്റിന് മുകളിലുള്ള പ്ലോട്ടുകളില്‍ നിര്‍മിക്കുന്ന 50 ചതിരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണിയും ഇതിനു താഴെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മഴക്കുഴിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഓക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. പെര്‍മിറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്ലാനില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം സ്ഥാപിക്കുന്നത് എവിടെയെന്ന് രേഖപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഓക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ.

കെട്ടിട നിര്‍മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് ആദ്യമേ തന്നെ കണ്ടെത്തുന്നതിന് ഫൗണ്ടേഷന്‍ പൂര്‍ത്തിയായ ശേഷം ഇതിന്റെ ചിത്രം പകര്‍ത്തി കെട്ടിടം പണി തുടരുന്നതിനുള്ള അനുവാദത്തിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എത്തി സ്ഥല പരിശോധന നടത്തി ക്രമക്കേട് ഇല്ലെങ്കില്‍ 14 ദിവസത്തിനകം തുടര്‍ നിര്‍മാണത്തിന് അനുമതി നല്‍കുമെന്നും പുതിയ നിബന്ധനയിലുണ്ട്.

നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങളുടെ എണ്ണവും ഇതു ക്രമവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കൗണ്‍സില്‍ യോഗം പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button