ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷ കര്‍ശനമാക്കുന്ന പോക്സോ ഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു.
രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരവധി പേര് സന്ദര്‍ശിക്കുന്നുണ്ടെന്നും ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍പോലും ഇത്തരം സൈറ്റുകളിലുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതാണ് പോക്സോ നിയമ ഭേദഗതി.
Post Your Comments