ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവായ നന്ദകിഷോർ പാലിന്റെ സഹോദരൻ ദേവേന്ദ്ര പാൽ ആണ് ട്രക്ക് ഉടമ. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ സമയം ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ സമാജ് വാദി പാർട്ടി പ്രവർത്തകനാണ്. കൂടാതെ ഇവർക്ക് 27 ട്രക്കുകൾ ഉണ്ടെന്നും പോലീസ് പറയുന്നു. ഇവർ ട്രക്ക് മൂലമുള്ള ബിസിനസ്സ് ചെയ്യുന്നവരാണ്.
അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട ട്രക്ക് അമിതവേഗത്തില്‍ തെറ്റായ ദിശയിലാണു സഞ്ചരിച്ചിരുന്നതെന്നു ദൃക്‌സാക്ഷികള്‍.
സംഭവസമയം കനത്ത മഴയുണ്ടായിരുന്നെന്നും കാറില്‍ ഇടിച്ചയുടന്‍ വാഹനം ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെടുന്നതിനു സാക്ഷിയായി എന്നും റായ്ബറേലി െഹെവേയിലെ അപകടസ്ഥലത്തിനു സമീപം കട നടത്തുന്നവര്‍ പറഞ്ഞു. െഹെവേയില്‍ ഒരു വളവിലായിരുന്നു അപകടം. തെറ്റായ ദിശയില്‍ പാഞ്ഞെത്തിയ ട്രക്ക് ഒരുവശത്തേക്കു തെന്നിമാറി പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു- കടയുടമകളില്‍ ഒരാള്‍ പറഞ്ഞു.
ഇടിച്ചുകയറിയതിനുശേഷം കാറുമായി 10 മീറ്ററോളം മുന്നോട്ടുനീങ്ങിയാണു ട്രക്ക് നിന്നത്.വന്‍ ശബ്ദത്തോടെയായിരുന്നു കൂട്ടിയിടി. അപകടസ്ഥലത്തേക്കു സമീപവാസികള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബഹളത്തിനിടെ ഡ്രൈവറും ക്ലീനറും സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇതിനിടെ അവരെ പിന്തുടരുന്നതും അസാധ്യമായി- മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നയുടന്‍ വിവരം പോലീസില്‍ അറിയിച്ചു. 15 മിനിട്ടിനുശേഷം പോലീസ് സംഘമെത്തി കാര്‍ യാത്രികരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയും അഭിഭാഷകനും അതീവ അതീവഗുരുതര നിലയില്‍ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ട്രക്ക് ഡ്രൈവര്‍ ആശിഷ് പാല്‍, ക്ലീനര്‍ മോഹന്‍, ട്രക്കിന്റെ ഉടമ ദേബേന്ദ്ര കിഷോര്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments