Latest NewsIndia

കാണാതായ 22 കാരിയുടെ മൃതദേഹം സമാജ്‌വാദി പാർട്ടിയിലെ മുൻ മന്ത്രിയുടെ ആശ്രമപരിസരത്ത് കുഴിച്ചിട്ട നിലയിൽ

ദലിത് യുവതിയുടെ തിരോധാനം ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ പോരാട്ടങ്ങൾക്കു വഴിവച്ചിരുന്നു.

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 22 കാരിയുടെ തിരോധാനത്തിലെ ദുരൂഹതകൾ അഴിയുന്നു. ഉന്നാവിൽനിന്ന് കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്‌വാദി പാർട്ടി (എസ്പി) മുൻമന്ത്രി ഫത്തെ ബഹദൂർ സിങ് നിർമിച്ച ആശ്രമത്തിന്റെ സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഡിസംബർ എട്ടിന് യുവതിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 24ന് ഫത്തെ ബഹദൂർ സിങ്ങിന്റെ മകൻ രാജോൾ സിങ്ങിനെ ഉന്നാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാജോൾ സിങ്ങിൽനിന്ന് ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ നിരീക്ഷണവും പ്രാദേശിക ഇന്റലിജന്‍സിന്റെ സഹായവും യുവതിയെ മറവ് ചെയ്ത സ്ഥലം കണ്ടെത്താൻ നിർണായകമായതായി ഉന്നാവ് അഡിഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെടുക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദലിത് യുവതിയുടെ തിരോധാനം ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ പോരാട്ടങ്ങൾക്കു വഴിവച്ചിരുന്നു. കഴിഞ്ഞ ജനുവരി 24ന് ലക്നൗവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനത്തിനു മുൻപിൽ യുവതിയുടെ അമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ് രാജോൾ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ കാണാതായതിനു തൊട്ടുപിന്നാലെ സംഭവത്തിൽ രാജോൾ സിങ്ങിനെ സംശയിക്കുന്നതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും തുടർനടപടി ഉണ്ടായില്ല. രാജോൾ സിങ്ങിനെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടന്നുവെന്നും പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.പ്രദേശത്തെ സ്‌റ്റേഷന്‍ ഓഫിസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ കേസിൽ അന്വേഷണം വൈകിപ്പിച്ചതിനു സസ്പെൻഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button