Latest NewsKerala

റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി റോഡുകളിൽ കർശന പരിശോധന

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കർശനമായി നടത്തും. ഓരോ തീയതികളിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാണ് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

ഓഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ സീറ്റുബെൽറ്റ് ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗത (പ്രത്യേകിച്ച് സ്‌കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിംഗും, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിംഗ് ഫിലിം, കോൺട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേൽനോട്ടത്തിനായി സംസ്ഥാനതലത്തിൽ ഐ.ജി ട്രാഫിക്കിനെ നോഡൽ ഓഫീസറായും, ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ, പി.ഡബ്ളിയു.ഡി ചീഫ് എഞ്ചിനീയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), ചീഫ് എൻജിനീയർ (എൻ.എച്ച്), ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലാതലത്തിൽ കളക്ടർ ചെയർമാനും, ജില്ലാ പോലീസ് സൂപ്രണ്ട് നോഡൽ ഓഫീസറായും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, പി.ഡബ്ളിയു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), (എൻ.എച്ച്) തുടങ്ങിയവർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ ആഴ്ചതോറും നടപടികൾ അവലോകനം ചെയ്യും.

വാഹനപരിശോധനകൾക്ക് പുറമേ, മറ്റു ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നോ പാർക്കിംഗ് ബോർഡുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ കണ്ടുപിടിച്ച് പിഴ ഈടാക്കാൻ സംയുക്ത പരിശോധനകൾ നടത്തും. മീഡിയൻ ഓപ്പണിംഗുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. സീബ്രാ ലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവരും ചുവന്ന ലൈറ്റ് ജമ്പിംഗ് നടത്തുന്നവരുമായ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നൽകും. ബസ് ബേകളിൽ നിർത്താതെ റോഡിൽ കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾ നിർത്തുന്നതിനെതിരെ നടപടിയെടുക്കും. ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കും. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ യാത്രക്കാരെ ഇരുത്തി അപകടകരമായി വാഹനമോടിക്കുന്നവർക്കെതിരെ പരിശോധന കർശനമാക്കും.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് സ്‌കൂൾ ബസുകളുടെ അമിതവേഗത, ഓവർ ലോഡ് തുടങ്ങിയവ പരിശോധിക്കും. കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും. പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും. ആദ്യപടിയായി താത്കാലിക കൈയേറ്റങ്ങൾക്ക് ഒരാഴ്ചത്തെ നോട്ടീസ് കാലാവധി നൽകിയശേഷം പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കളക്ടർമാരുടേയും തദ്ദേശസ്ഥാപനങ്ങളുടെയും തലത്തിൽ രണ്ടാംഘട്ട നടപടി സ്വീകരിക്കും. റോഡിന്റെ വശങ്ങളിലും ശ്രദ്ധതിരിയുന്നതിന് കാരണമായതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോർഡുകളും ഇക്കാലയളവിൽ നീക്കും. ഓഗസ്റ്റ് 10ന് കാട് പിടിച്ചതോ, കാണാൻ സാധിക്കാത്തതോ ആയ സൈൻ ബോർഡുകൾ വൃത്തിയാക്കാൻ ഓഗസ്റ്റ് 10ന് നടപടി സ്വീകരിക്കും. കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളെ ബ്ളാക്ക് സ്പോട്ടുകളായി പരിഗണിച്ച് ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കാനും മറ്റ് റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കും. പൊളിഞ്ഞുകിടക്കുന്ന റോഡുകൾ, കുഴികൾ, ഓടകൾ എന്നിവ നന്നാക്കാനുള്ള തുടർനടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും അവബോധം വളർത്തുന്നതിനുള്ള ക്ലാസുകളും പരിപാടികളും ഈ കാലഘട്ടത്തിൽ നടത്തും. കർമപദ്ധതികൾ സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലകളിലെ ഒരുക്കങ്ങളും പദ്ധതികളും വിവിധ ജില്ലകളിലെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ആർ.ടി.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button