പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് ആഗസ്റ്റ് ഒൻപതിന് രാവിലെ 10 ന് തിരുവല്ല വി.ജി. എം. ഹാളിൽ നടത്തും. മാത്യു. റ്റി. തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷനായിരിക്കും. നഗരസഭ കൗൺസിലർ ഏലിയാമ്മ തോമസ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ഐ.ഒ.ബി. മേഖലാ ഓഫീസ് അസിസ്റ്റന്റ് മാനേജർ എസ്സ്. രമേശ് കുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും.
പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നു തന്നെ പൂർത്തിയാക്കും. അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.
മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത് ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: സി.എം.ഡിയുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ലഭിക്കും.
Post Your Comments