തൃശൂര്‍: പുന്നയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ ശരീരത്തിലുണ്ടായിരുന്നത് 28 വെട്ടുകള്‍. മുഖം മുതല്‍ കാല്‍പ്പാദം വരെ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊല്ലണമെന്ന ലക്ഷ്യത്തോടെ ശരീരഭാഗങ്ങള്‍ നോക്കി വെട്ടുന്നതില്‍ പരിശീലനം ലഭിച്ചവരാണ് ആക്രമിച്ചത്. കൈകാലുകള്‍, തല എന്നിവ ലക്ഷ്യമാക്കിയാണ് വെട്ടിയത്. ബൈക്കിന് പിന്നിലിരുന്ന ഏഴ് പേര്‍ കൈകളില്‍ വാളും കോടാലിയും കെട്ടിവച്ചാണ് വെട്ടിയത്.
ബൈക്കോടിച്ചവര്‍ ജാഗ്രതയോടെ കാത്തു നിന്നു.നൗഷാദിനെ ലക്ഷ്യമാക്കിയായിരുന്നു ഏഴ് പേരും പാഞ്ഞടുത്തത്. നൗഷാദിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് വെട്ടേറ്റത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസിന്റെ നീരിക്ഷണത്തിലാണ്.കേസുമായി ബന്ധപ്പെട്ട് ഏതാനും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയിലായതായാണ് സൂചന. 28 മുറിവുകള്‍ ശരീരത്തിലുണ്ടെന്നും രക്‌തധമനികള്‍ മുറിഞ്ഞ് അമിതമായി രക്‌തം വാര്‍ന്നതും തലയ്‌ക്കും കഴുത്തിനും ഏറ്റ മുറിവും മരണകാരണമായെന്നു പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ഒരു കൈ ശരീരത്തില്‍നിന്നും വേര്‍പ്പെട്ട നിലയിലായിരുന്നു. ഏതാനും കാലം മുമ്പ് നൗഷാദിനു ചിലരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതില്‍ പരുക്കേറ്റ ഒരാള്‍ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സബീനയാണ് നൗഷാദിന്റെ ഭാര്യ. മക്കള്‍: ദിക്‌റ നസ്‌റിന്‍, അമന്‍ സിയാന്‍, ഇഷല്‍ ഫാത്തിമ. തൃശൂര്‍ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ: ജി. ഗോപകുമാര്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.നൗഷാദിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പുറത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആക്രമണത്തിന് മുമ്പും ശേഷവും ആസൂത്രണ ഘട്ടത്തിലും പ്രാദേശിക സഹായം ലഭിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ . ജനവാസ കേന്ദ്രത്തിലെത്തി ആക്രമണം നടത്തുന്നതിന് നൗഷാദിനെക്കുറിച്ചുള്ള പൂര്‍ണവിവരം യഥാസമയം ലഭിക്കണം. ഇക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Post Your Comments