ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മരുമകനാകാന്‍ പാക്കിസ്ഥാനില്‍ നിന്നും ഒരു ക്രിക്കറ്റ് താരം കൂടി. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്ത ശുഐബ് മാലിക്കിനു ശേഷം പാക്കിസ്ഥാന്റെ ലോകകപ്പ് താരമായ പേസ് ബോളര്‍ ഹസന്‍ അലിയാണ് ഇന്ത്യയില്‍ നിന്ന് വിവാഹം കഴിക്കാനൊരുങ്ങുന്നത്. വധു ഷാമിയ അര്‍സൂ. ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂ ദുബായിലാണ് ജോലി ചെയ്യുന്നത്. ഓഗസ്റ്റ് 20ന് ദുബായില്‍വച്ച് നിക്കാഹ് നടക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷാമിയ ദുബായിലെ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇംഗ്ലണ്ടില്‍ നിന്നും എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഷാമിയ നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാണ്. ദുബായിലുള്ള ഒരു സുഹൃത്തു വഴിയാണ് ഹസന്‍ അലി ഷാമിയയെ പരിചയപ്പെട്ടതെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയിച്ചെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹസന്‍ അലി തള്ളിക്കളഞ്ഞു. വിവാഹത്തിന്റെ കാര്യം തീരുമാനിക്കാന്‍ ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വിവാഹം നിശ്ചയിക്കുമ്പോള്‍ വിവരം എല്ലാവരെയും അറിയിക്കാമെന്നും ഹസന്‍ അലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയിലുള്‍പ്പെടുന്ന ബഹാവുദ്ദീന്‍ സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ ഹസന്‍ അലി. 2016ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിനത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ഒന്‍പതു ടെസ്റ്റുകളും 53 ഏകദിനങ്ങളും 30 ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്നതാണ് ഹസന്‍ അലിയുടെ രാജ്യാന്തര കരിയര്‍. ഏകദിനത്തില്‍ 82 വിക്കറ്റും ടെസ്റ്റില്‍ 31 വിക്കറ്റും ട്വന്റി20യില്‍ 35 വിക്കറ്റുമാണ് ഹസന്‍ അലിയുടെ ഇതുവരെയുള്ള സ്വന്തമാക്കിയത്. 2017ല്‍ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ജേതാക്കളാകുമ്പോള്‍ ഹസന്‍ അലിയുടെ ബോളിങ് പ്രകടനവും നിര്‍ണായകമായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ടീമിലുണ്ടായിരുന്നെങ്കിലും പ്രകടനം മോശമായതോടെ പാതിവഴിയില്‍ ടീമില്‍നിന്നു പുറത്താവുകയായിരുന്നു.
Post Your Comments