ചെന്നൈ: പുതുമുഖ നടിയെ അച്ഛന് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. തമിഴിലെ പുതുമുഖനടി സത്യകല(26) വീട്ടുതടങ്കലിലാണെന്നു കാണിച്ച് നടനും നിര്‍മാതാവുമായ ഷമന്‍ മിത്രു ആണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിക്ക് താത്പര്യമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുകയും പൊള്ളാച്ചിയിലുള്ള വീട്ടില്‍ അടച്ചിട്ടിരിക്കുകയുമാണെന്നുമാണ് ആരോപണം. അടുത്ത മാസം രണ്ടിന് പുറത്തിറങ്ങുന്ന ‘തൊരട്ടി’ എന്ന തമിഴ് ചലച്ചിത്രത്തിലെ നായികയാണ് സത്യകല. ഇതില്‍ പ്രധാനവേഷം അവതരിപ്പിക്കുന്ന ഷമന്‍ മിത്രു ചലച്ചിത്രത്തിന്റെ നിര്‍മാതാവുകൂടിയാണ്.
ചിത്രീകരണസമയത്ത് കുടുംബപ്രശ്നങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ച സത്യകല അച്ഛനും രണ്ടാനമ്മയും മാനസികമായി പീഡിപ്പിക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നതായി ഷമന്‍ മിത്രു പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് ആദ്യം സമ്മതംനല്‍കിയ കുടുംബം പിന്നീട് വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് സ്ത്യകല പറഞ്ഞിരുന്നു.സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെവന്നതോടെ അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് വ്യക്തമായതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതുസംബന്ധിച്ച് പൊള്ളാച്ചി മഹാലിംഗപുരം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെവന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നും ഷമന്‍ മിത്രു കോടതിയെ അറിയിച്ചു. കേസില്‍ പൊള്ളാച്ചി മഹാലിംഗപുരം പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി ഹര്‍ജി ഓഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.
Post Your Comments