കരസേനയുടെ 54ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) കോഴ്സിലേക്കും 25ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. 2020 ഏപ്രിലില്‍ തുടങ്ങുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) കോഴ്സില്‍ പുരുഷന്‍മാര്‍ക്ക് 175 ഒഴിവുകളുണ്ട്. വനിതകള്‍ക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും (നോണ്‍ ടെക്നിക്കല്‍ എന്‍ട്രി) അവസരമുണ്ട്.
പട്ടികയില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ കോഴ്സ് തുടങ്ങി 12 ആഴ്ചക്കുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കായുള്ള നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഓഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ക്കു വെബ്സൈറ്റ് കാണുക. ഓരോ കോഴ്സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എന്‍ജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.
എസ്എസ്സി (ടെക്‌നിക്കല്‍): 2027 (1993 ഏപ്രില്‍ രണ്ടിനും 2000 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവര്‍. രണ്ടു തീയതിയും ഉള്‍പ്പെടെ).
പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കു പ്രായപരിധി 35 വയസാണ്. കരസേനാ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകര്‍. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) കോഴ്സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡിഫന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.
എസ്എസ്ബി ഇന്റര്‍വ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റര്‍വ്യൂ. എസ്എസ്ബി ഇന്റര്‍വ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിജയകരമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റോള്‍ നമ്പര്‍ ലഭിക്കും. ഉദ്യോഗാര്‍ഥി അപേക്ഷ സേവ് ചെയ്ത ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂര്‍ണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
Post Your Comments