ശ്രീനഗര്‍: വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തിൽ ചേരുന്നു. മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനികയാണ് സൈന്യത്തിൽ ചേരുന്നത്. ഒക്ടോബറില്‍ സായുധ സേനയുടെ പരിശീലനത്തിനായി കനിക ചെന്നൈയിലേക്ക് പോകും.
കനികയുടെ ഭര്‍ത്താവ് മേജര്‍ കൗസ്തുഭ് റാണെ വീരമൃത്യു വരിച്ചത് ജമ്മു കശ്മീരിലെ ഗുരേസില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലിലാണ്. 2018 ഓഗസ്റ്റ് 7 ന് വടക്കന്‍ കശ്മീരിലെ ഗുരസ് പ്രദേശത്ത് വെച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേരെ വധിക്കുന്നതിനിടയില്‍ പരിക്കേറ്റ കൗസ്തുഭ് റാണെ വീരമൃത്യു വരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് കനിക സൈന്യത്തില്‍ ചേരുന്നത്. സായുധ സേനയില്‍ ചേരുന്നത് ഭര്‍ത്താവിന്റെ ധീരതയുടെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്താനാണെന്ന് കനിക പറഞ്ഞു.
ഇതെന്റെ ഭര്‍ത്താവിന്റെ സ്വപ്നമാണ്. ആ സ്വപ്നം നിറവേറ്റേണ്ടത് എന്റെ കടമയാണ്. രാജ്യത്തിനു വേണ്ടി സൈനിക സേവനം ചെയ്യാന്‍ അദ്ദേഹത്തിന്റെ അത്രയ്ക്ക് താത്പര്യമായിരുന്നു. വീരമൃത്യു വരിച്ച അച്ഛന്റെ ഓര്‍മ്മകളില്‍ എന്റെ മകന്‍ അഭിമാനിക്കണം. സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുത്തു കൊണ്ട് മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനിക പറഞ്ഞ വാക്കുകളാണിത്.
സേനയില്‍ ചേരുന്നതിലൂടെ ഭര്‍ത്താവിന്റെ സ്വപ്നമാണ് നിറവേറ്റുകയാണെന്ന് അവര്‍ വ്യക്തമാക്കി. തന്റെ മകന്‍ സൈനിക അന്തരീക്ഷത്തില്‍ വളരണമെന്നും അച്ഛന്‍ രാജ്യത്തിനായി ചെയ്ത ത്യാഗത്തില്‍ അവന്‍ അഭിമാനിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .
Post Your Comments