തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പന്ത്രണ്ടാം പ്രതി പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19) സിഐ ജി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
എസ്എഫ്‌ഐ നേതാക്കളായ ആര്‍.ശിവരഞ്ജിത്ത്, എന്‍.എ.നസീം, എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമല്‍ എസ്.നായര്‍, ആദില്‍ മുഹമ്മദ്, ഇജാബ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഇജാബ് ഒഴികെയുള്ളവര്‍ കീഴടങ്ങുകയായിരുന്നു. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗമായിരുന്നു ഇപ്പോള്‍ പിടിയിലായ പ്രതി അക്ഷയ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.
കൂടാതെ പിഎസ്സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും അഖിലിനെ കുത്തിയകേസില്‍ പ്രതിയാണെന്ന് കണ്ടെത്തി. പ്രണവിനെയാണ് കേസിലെ 17ാം പ്രതിയാക്കിയത്. ഇതേ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനാണ് ഒന്നാം പ്രതി ശിവരഞ്ജിത്ത്. ഇരുപത്തിയെട്ടാം റാങ്കുകാരനാണ് രണ്ടാം പ്രതി നസീം.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിലും പൊലീസ് പ്രണവിനെ തേടുന്നുണ്ട്. ഇവിടെ നിന്നു കണ്ടെത്തിയ ഉത്തരം എഴുതിയ കടലാസുകളിലൊന്നില്‍ പ്രണവിന്റെ റജിസ്റ്റര്‍ നമ്പറും രേഖപ്പെടുത്തിയിരുന്നതിനാല്‍ ഇയാള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണു പൊലീസ്.
Post Your Comments