CinemaLatest NewsNewsIndiaBollywoodEntertainment

സിനിമകൾ കൂട്ടത്തോടെ പൊട്ടിയപ്പോൾ കാനഡയിലേക്ക് പോയാലോ എന്ന് ചിന്തിച്ചു: അക്ഷയ് കുമാർ

കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് അക്ഷയ് കുമാർ. സിനിമകള്‍ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് കുടിയേറിയാലോയെന്ന് ആലോചിച്ചിരുന്നതായി അക്ഷയ് കുമാര്‍ പറയുന്നു. എന്നാല്‍, പിന്നെ തീരുമാനം മാറ്റിയെന്നും താന്‍ ഇന്ത്യയില്‍ തന്നെയാണ് നികുതികള്‍ അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലല്ലാന്‍ടോപ് സിനിമ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടങ്ങി നിരവധി സിനിമകളാണ് ബോളിവുഡിൽ ഈ വർഷം പരാജയപ്പെട്ടത്. തുടർച്ചയായ പരാജയങ്ങൾ നേരിട്ട അക്ഷയ് കുമാറിനോട് അടുത്തിടെ ഒരു അഭിമുഖത്തിൽ പൗരത്വത്തെക്കുറിച്ച് ചോദിച്ചിരുന്നു. കനേഡിയൻ പൗരത്വം ഉള്ളപ്പോൾ തന്നെ, താൻ ഇന്ത്യയിൽ നികുതി അടയ്ക്കുമായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറയുന്നു. താൻ ഇന്ത്യയിൽ നിന്നുള്ള ഒരു ഇന്ത്യക്കാരനാണ്, എന്നും അങ്ങനെ തന്നെ തുടരുമെന്നും അക്ഷയ് പറഞ്ഞു.

‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ സിനിമകൾ ഓടിയില്ല. ഏകദേശം 14-15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ആ സമയം മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്ന് ചിന്തിച്ചു. കാനഡയിലേക്ക് മാറിയാലോ എന്ന് ചിന്തിച്ചു. ഒരുപാട് ആളുകള്‍ കാനഡയില്‍ പോയി ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. അവരെല്ലാം ഇപ്പോഴും ഇന്ത്യക്കാരാണ്. വിധി എന്നെ തുണയ്ക്കുന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്‌തേ തീരൂ. അങ്ങനെയാണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തത്. എന്നാല്‍, അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. എങ്കില്‍ പിന്നെ എന്റെ സ്വന്തം രാജ്യത്ത് തന്നെ തുടരാമെന്ന് കരുതി. അതില്‍ പിന്നെ ഇവിടെ നിന്നും പോകുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല,’ അക്ഷയ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button