Kerala

പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവിനെ മാനവീയം വീഥിയിലേക്ക് വിളിച്ചുവരുത്തി കുത്തിയത് ലഹരി കേസിൽ: യുവതി അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിൽ (ലച്ചു–23)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി പത്തരയോടെ തിരുവനന്തപുരത്തെ മാനവീയം വീഥിക്കു സമീപത്തുവച്ച് വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിലാണ് ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ സ്നേഹയെ മ്യൂസിയം പൊലീസ് പിടികൂടിയത്.

കേസിൽ അഞ്ചാം പ്രതിയാണ് സ്നേഹ. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. കുത്തേറ്റ ദിവസം സ്നേഹയാണ് ഷിജിത്തിനെ മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. പ്രതികളുടെ നിർദേശപ്രകാരമായിരുന്നു ഇത്. കുത്തേറ്റ ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹയും മുങ്ങി.

നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button