തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ഉത്തരവാദിയെന്ന് കണ്ടെത്തി പരീക്ഷാ ജോലികളില്‍നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്ത അധ്യാപകനെ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിച്ച സംഭവം വിവാദത്തിൽ. ഇതിനെതിരെ യു.ജി.സി അയച്ച വിശദീകരണ നോട്ടീസിന് മറുപടി നല്‍കാതെ കേരള സര്‍വകലാശാല.
കത്തിന് സര്‍വകലാശാല മറുപടി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് യു.ജി.സി മറുപടി നല്കി. യൂണിവേഴ്സിറ്റി കോളജ് അധ്യാപകനായിരിക്കെ സര്‍വകലാശാലയുടെയും സര്‍ക്കാറിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാല പഠനവിഭാഗത്തില്‍ നിയമിക്കാന്‍ സര്‍വകലാശാല എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സേവ് എജുക്കേഷന്‍ ഫോറം യു.ജി.സി സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് യു.ജി.സി വിശദീകരണം തേടിയത്.
2021 ജനുവരി 19 ന് നിയമസഭയില്‍ വിഷയത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്കിയ മറുപടിയില്‍ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍നിന്ന് നീക്കിയിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെ കൃത്യവിലോപത്തിന് ശിക്ഷാ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ നിയമനകാര്യത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അതില്‍ ഒരുതരത്തിലും ഇളവുകള്‍ അനുവദിക്കരുതെന്നും ഈ വിഷയത്തില്‍ സര്‍വകലാശാലയുടെ മറുപടി യു.ജി.സിയെ അറിയിച്ചശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും യു.ജി.സി കേരള വൈസ് ചാന്‍സലര്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകന് പ്രഫസറായി നിയമനം നല്‍കരുതെന്നും നടപടി പുനഃപരിശോധിക്കാന്‍ കേരള വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് എജുക്കേഷന്‍ ഫോറം കേരള ഗവര്‍ണര്‍ക്ക് നല്കിയ നിവേദനം ഗവര്‍ണറുടെ പരിഗണനയിലാണ്. യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതിന് നേരത്തേ ഇതേ അധ്യാപകനില്‍നിന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ 3000 പിഴ ഈടാക്കിയിരുന്നു.
Post Your Comments