ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാക്കളരി പോലെയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറഞ്ഞു. നേതൃത്വമില്ലായ്മയില്‍ അതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂര്‍ ഇത് കണ്ടുനില്‍ക്കാനാവില്ലെന്നും തുറന്നടിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന് സ്ഥാനത്ത് എട്ടാഴ്ചയായിട്ടും പുതിയ ആള്‍ വരാത്തതില്‍ അസംതൃപ്തി പ്രകടമാക്കിയ ശശി തരൂര്‍ കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുതെന്നും പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു.
നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണമെന്നും പറഞ്ഞ തരൂര്‍ പുതിയ പ്രസിഡന്റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാള്‍ അധ്യക്ഷനാവണമെന്നും സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്നും തരൂര്‍ പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ തരൂര്‍, ഗാന്ധി കുടുംബത്തില്‍ നിന്നാരും ഉണ്ടാവില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നും വ്യക്തമാക്കി. അധ്യക്ഷനാവാന്‍ താനില്ലെന്ന് പറഞ്ഞ തരൂര്‍ തനിക്ക് പാര്‍ലമെന്റിനകത്തും പുറത്തുമുള്ള ചുമതലകള്‍ നിര്‍വഹിക്കാനാണ് താത്പര്യമെന്നും അറിയിച്ചു.
Post Your Comments