തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതിയായ അഖിലിനെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യം. ഇതിനായി മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും.
അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. രാഖിയെ പ്രതികളായ അഖിലും രാഹുലും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള അഖിലിന്റെ ശ്രമത്തെ എതിര്‍ത്തതും തന്നെ ഒഴിവാക്കിയാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന രാഖിയുടെ ഭീഷണിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അഖിലിന്റെ മൊഴി. മുഖ്യപ്രതി അഖിലും സഹോദരന്‍ രാഹുലും അയല്‍വാസിയായ ആദര്‍ശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തി എന്നാണ് രാഹുലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആദ്യം കഴുത്ത് ഞെരിച്ചത് രാഹുലാണെന്നും തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് കുരുക്കി മരണം ഉറപ്പാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. ഇതിന് ശേഷവും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി അഖില്‍ മുന്നോട്ടുപോയി.
മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛന്‍ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന് കൊലയില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും പൊലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments