തിരുവനന്തപുരം: കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറയാന്‍ ശ്രമിച്ചിരുന്നതായി അഖില്‍. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമായില്ല. എന്നാല്‍, നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു കരുതി’ എന്നായിരുന്നു അഖില്‍ നല്‍കിയ മറുപടി. തുടര്‍ന്നു വീട്ടിലെത്തിയ ശേഷം മരണം ഉറപ്പാക്കാന്‍ ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് രാഖിയുടെ കഴുത്തില്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേര്‍ത്തു കെട്ടിയെന്നും പോലീസ് പറയുന്നു.
തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള്‍ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും അഖില്‍ പൂവാര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാര്‍ സ്റ്റേഷനിലെത്തിച്ചത്. കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശി(കണ്ണന്‍-23)നെയും അഖിലിന്റെ സഹോദരന്‍ രാഹുലി(26)നെയും ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
രാഖിയെ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. ഇയാള്‍ക്കൊപ്പം കാത്തുനിന്നിരുന്ന ആദര്‍ശ് ഇരു ചക്രവാഹനത്തില്‍ മടങ്ങി. കുംമ്പിച്ചല്‍ എന്ന ഭാഗത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീടു രാഹുലാണു കാര്‍ ഓടിച്ചത്. രാഖി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖില്‍ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. രാഖി ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നില്ലെന്നും മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് മുറുക്കിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകള്‍ മുഴുവന്‍ വാങ്ങി സംഭരിച്ചെന്നും അഖില്‍ പറഞ്ഞു. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖില്‍ തന്നെയാണു രാഹുലിനെയും ആദര്‍ശിനെയും കൊല നടത്തിയ കാറില്‍ തമ്പാനൂരില്‍ എത്തിച്ചതെന്നും പോലീസ് പറയുന്നു. അവിടെ നിന്ന് അവര്‍ ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കു തിരിച്ചു. തമ്പാനൂര്‍ക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളഞ്ഞെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂരിലേക്കുള്ള യാത്രക്കിടെ ബസിലാണ് ഉപേക്ഷിച്ചത്.
Post Your Comments