അബുദാബി : ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്കും ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് എടുത്ത് ജോലി ചെയ്യാന്‍ അനുമതി. നിലവില്‍ ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമേ ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് എടുത്ത് ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇത്തരം വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് പ്രത്യേകം സ്റ്റാംപ് ചെയ്യുമെങ്കിലും ജോലിക്കെടുക്കുന്ന സ്ഥാപനം മന്ത്രാലയത്തില്‍നിന്ന് പ്രത്യേക അനുമതി എടുക്കുകയായിരുന്നു പതിവ്. പുതിയ നിയമത്തിലൂടെ ഈ ആനുകൂല്യമാണ് ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമായിരിക്കുന്നത്.
വീസയ്ക്കായി വന്‍തുക ചെലവാക്കുന്നതിനു പകരം 300 ദിര്‍ഹം ചെലവാക്കി രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക് പെര്‍മിറ്റ് മാത്രം എടുത്താല്‍ മതിയാകും എന്നതാണ് കമ്പനിക്കാരുടെ ആകര്‍ഷണം. അതുകൊണ്ടുതന്നെ രണ്ടു കൂട്ടര്‍ക്കും ഇത് ഗുണകരമാകും. കാലാവധിക്കുശേഷം തുല്യ കാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. വര്‍ക് പെര്‍മിറ്റിനുള്ള തുക സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഒരാളുടെ വീസയെടുക്കുന്നതിന് 300 മുതല്‍ 5000 ദിര്‍ഹമെങ്കിലും ചെലവു വരുമായിരുന്നു.
യുഎഇയില്‍ 145 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈയിടെ 50 മുതല്‍ 94 ശതമാനം വരെ ഫീസ് കുറച്ചിരുന്നു. അതേസമയം, ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു തൊഴിലിലേക്ക് മാറുന്നതിനും നിയമ തടസമുണ്ടാകില്ലെന്നതാണ് മറ്റൊരു നേട്ടം. ഉത്തരവു പ്രകാരം ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താക്കന്മാരെ ജോലിക്കു വയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇത് ഗുണകരമാകും. മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments