തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക. രാഖി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ അഖിലിനെ പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പിതാവ് നല്കിയ വിവരമനുസരിച്ച് പൊലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അഖിലിനെയും സഹോദരന് രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സാധ്യത. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതിയും സൈനികനുമായ അഖിലും കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാഖിയുടെ മൃതദേഹത്തില്‍ നിന്നും താലി കണ്ടെത്തിയതോടെയാണ് ഈ നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചത്. എന്നാല്‍ മറ്റൊരു വിവാഹത്തിന് ഭര്‍ത്താവായ അഖില്‍ തയ്യാറെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇതോടെയാണ് സഹോദരന് രാഹുലിന്റേയും സുഹൃത്ത് ആദര്‍ശിന്റേയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിയത്.
Post Your Comments