
പറവൂര്‍: വ്യാജവൈദ്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും വൈദ്യ രംഗത്തെ തട്ടിപ്പിനെക്കുറിച്ച് ജനങ്ങള്‍ ജാഗരൂകരാകണമെന്നും വി.ഡി.സതീശന്‍ എംഎല്‍എ. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യ ആരോഗ്യ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറവൂര്‍ നഗരസഭ, ഭാരതീയ ചികിത്സാ വകുപ്പ്, ദേശീയ ആയുഷ് മിഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. പെരുകി വരുന്ന അനധികൃത വൈദ്യ സ്ഥാപനങ്ങളെയും പരസ്യങ്ങളെയും ജനങ്ങള്‍ തിരിച്ചറിയണം. നല്ല ആരോഗ്യ ശീലങ്ങള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ശീലിക്കണമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് അദ്ധക്ഷത വഹിച്ച ചടങ്ങില്‍ എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. പി.ആര്‍. സലിം സ്വാഗതം ആശംശിച്ചു. എ.എം.എ.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഡി.ആര്‍. സാദത് ‘ശാസ്ത്രീയ ആയുര്‍വേദവും പൊതുജനാരോഗ്യവും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എ.എം.എ.ഐ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘സുസ്മിതം’ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഉദ്ഘാടനം എ.ഇ.ഓ. ലത ടീച്ചര്‍ നിര്‍വഹിച്ചു. പറവൂര്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ പ്രതിരോധ മരുന്ന് കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ‘നല്ലഹാരം’ എന്ന പേരില്‍ സംഘടിപ്പിച്ച തത്സമയ പാചക പരിശീലന പരിപാടിക്ക് ഡോ. നിഷ കെ. നേതൃത്വം നല്‍കി. ഡോ. ദേവീദാസ് വെള്ളോടി, ഡോ.വിനീത്, ഡോ.സി.ഓ. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നിസ്സാര്‍ മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയില്‍ ഇരുനൂറോളം ആശാ വര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.
Post Your Comments