തിരുവനന്തപുരം: വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാകുന്ന അപകട മരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള യുവാവിന്റെ കണ്ടുപിടുത്തെ കെഎസ്ഇബി ഏറ്റെടുത്തു. ആലപ്പുഴ, മുഹമ്മ സ്വദേശി ഋഷികേശിന്റെ കണ്ടുപിടുത്തമാണ് കെഎസ്ഇബി ഉപയോഗപ്പെടുത്തുന്നത്. തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതി കമ്പി പൊട്ടി വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഋഷികേശ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
വൈദ്യുത കമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒരു പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ റിസീവര്‍ സ്ഥാപിക്കും. വൈദ്യുതി പോസ്റ്റുകളില്‍ ട്രാന്‍സ്മിറ്ററുകളും ഘടിപ്പിക്കും. എപ്പോഴെങ്കിലും വൈദ്യുതി കമ്പി പൊട്ടിയാല്‍ റീസീവറുകളിലേക്ക് സന്ദേശമെത്തും. ഉടനടി വൈദ്യുതി പ്രവാഹം നിലയ്ക്കുന്നതാണ് സംവിധാനം. ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ തകരാര്‍ സംഭവിച്ച സ്ഥലം കെഎസ്ഇബി ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. ഋഷികേശിന്റെ സാങ്കേതികവിദ്യക്ക് കെഎസ്ഇബിയുടെ സുരക്ഷാവിഭാഗം അംഗീകാരം നല്‍കിയിരുന്നു. വൈദ്യുതി ബോര്‍ഡിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഇത് പരിഷ്‌കരിച്ച് പുറത്തിറക്കും. സാങ്കേതിക വിദ്യയുടെ ലാഭവിഹിതം ഋഷികേശിന് നല്‍കും. രണ്ടുമാസത്തിന് ശേഷം പരീക്ഷണടിസ്ഥാനത്തില്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇവ സ്ഥാപിക്കാനാണ് നീക്കം. നെഹ്രു ട്രോഫി ജലോത്സത്തിന് കുറ്റമറ്റ രീതിയില്‍ നൂതന സ്റ്റാര്‍ട്ടിംഗ് സംവിധാനം വികസിപ്പിച്ചതിലൂടെ ശ്രദ്ധേയനാണ് ഋഷികേശ്.
Post Your Comments