വിവാദ മാഗസിന്‍ ‘ആനകേറാമല ആടുകേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’യതിനെപ്പറ്റിയുള്ള സംഘപരിവാര്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി മാഗസിന്‍ ഭാരവാഹികള്‍. കോളേജ് മാഗസിനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചിന്തകള്‍ ,കാഴ്ചപ്പാടുകള്‍, അഭിരുചികള്‍ എന്നിവ ആവിഷ്‌കരിക്കാനും സംവദിക്കാനുമുള്ള വേദിയാണ്. അല്ലാതെ പ്രിന്‍സിപ്പാള്‍, സ്റ്റാഫ് എഡിറ്റര്‍, മാനേജ്മെന്റ് അംഗങ്ങള്‍, സെക്രട്ടറി എന്നിവരുടെ നിര്‍ദ്ദേശാനുസരണം ,ഹിഡന്‍ അജണ്ടകള്‍ വച്ച് എഴുതി ചേര്‍ത്തവയല്ല. ‘ ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി ‘ യിലെ ഓരോ രചനകളും വിദ്യാര്‍ത്ഥികളുടെ മാത്രം ചിന്തകളാണ് പങ്കുവെക്കുന്നതെന്നും മാഗസിന്റെ സബ്എഡിറ്റര്‍മാര്‍ പറയുന്നു.
വിശദീകരണത്തിന്റെ പൂര്‍ണരൂപം
ശബരിമല വിശ്വാസികളെയോ ഹിന്ദു വിശ്വാസികളെയോ അപമാനിക്കാനോ ചോദ്യം ചെയ്യാനോ മാഗസിനിലെ ഒരു രചനയും മുതിരുന്നില്ല. കോളേജ് ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ ആയതുകൊണ്ട് ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് മാഗസീനിലൂടെ, എന്നു പറയുന്നവര്‍ സര്‍വ്വതും മതവര്‍ഗീയതയോടെ മാത്രം നോക്കിക്കാണുന്ന ആളുകളാണ്. ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുവാനോ വിശ്വാസലംഘനങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനോ മാഗസീനോ അതിലെ രചനകളോ ശ്രമിച്ചിട്ടില്ല. ആനുകാലികമായി ഇന്ത്യന്‍ സുപ്രീംകോടതി മുന്നോട്ടുവച്ച ഒരു വിധിന്യായത്തെ അംഗീകരിച്ചുകൊണ്ടും ഭരണഘടനാമൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ടും മാത്രമാണ് രചനകളില്‍ പ്രസ്താവനകള്‍ ഉള്ളത്. എന്നാല്‍ വിധിക്കെതിരെ വന്ന തികച്ചും അപലപനീയമായ പ്രതിഷേധങ്ങളെ ഉയര്‍ത്തി കാണിക്കുവാന്‍ ശ്രമിച്ചിട്ടുമുണ്ട്.
ആന കേറാമല ആട് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന പേര് ശബരിമല വിഷയത്തെപ്പറ്റി മാത്രം ആണെന്നും ഇവര്‍ വാശി പിടിക്കുന്നുണ്ട്. മാഗസീനിന്റെ പശ്ചാത്തലത്തില്‍ ഒരു നാടോടിക്കഥ പറയുന്നുണ്ട്. അതിലെ രംഗങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ എന്തുകൊണ്ടാണ് ഈ പേരു വന്നതെന്ന് മനസ്സിലാവും. എഡിറ്റോറിയല്‍ കൃത്യമായ് മാഗസിന്റെ പേരിനെ വിശകലനം ചെയ്യുന്നുമുണ്ട്. കേരളത്തിലെ സ്ത്രീ വിരുദ്ധതയേയും, ജാതിമേല്‍കോയ്മയേയും ഭരണഘടനപരമായി ചോദ്യം ചെയ്യുകയാണ് മാഗസിന്‍. അതുമായ് ബന്ധപ്പെട്ട രചനകളില്‍ പള്ളി പ്രശനവും മുത്തലാഖും കൂട്ടിച്ചേര്‍ക്കുവാന്‍ കഴിഞ്ഞില്ല. അല്ലാതെ മതം കേന്ദ്രീകരിച്ചുള്ള വേര്‍തിരിവ് ഉദ്ദേശിച്ചിട്ടില്ല.
സ്ത്രീകളുടെ ശരീരം ആശുദ്ധം ആണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിനെതിരെ ഉണ്ടാവുന്ന ആര്‍പ്പൊ ആര്‍ത്തവം പോലുള്ള പ്രതിഷേധങ്ങളെ ഇത്തരം ആളുകള്‍ എന്തിനാണ് ഭയക്കുന്നത് ? അവര്‍ സ്ത്രീകളുടെ ശാരീരിക-ജൈവികഘടനയെയോ സ്വത്വത്തെയോ അംഗീകരിക്കാത്തവരല്ലേ ? സംഘപരിവാര്‍ ഫാസിസം എന്നത് ഇന്ത്യ രാജ്യത്തുള്ള ഒരു യാഥാര്‍ഥ്യമാണ്. ധാബോള്‍കറും ഗൗരി ലങ്കെഷുമൊന്നും വണ്ടിയിടിച്ചു മരിച്ചവരല്ല; അവര്‍ സംഘപരിവാറിന്റെ നരനായാട്ടിന് ഇരയായവരാണ്. അതിനെതിരെയുള്ള കൃത്യമായ പ്രതിഷേധം മാഗസിനില്‍ ഉണ്ട്.
മാഗസിനിലെ മുഴുവന്‍ രചനകളുടെയും കൂടെ എഴുതിയ ആളുടെ പേര് കൂടിയുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നിരിക്കെ ആര്‍ക്കും ആശയ അവതരണത്തിനും അഭിപ്രായ സ്വാതന്ത്ര്യതിനുമുള്ള അവകാശമുണ്ട്. മാഗസിനിലെ രചനകളെ വിമര്‍ശിക്കുവാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ രചനകള്‍ വര്‍ഗ്ഗീയ ലക്ഷ്യം വച്ചുള്ളവയാണെന്ന ആരോപണത്തെ നിഷേധിക്കുന്നു .കോളേജിന് പുറത്തുള്ള വായനക്കാര്‍ വര്‍ഗീയലക്ഷ്യങ്ങള്‍ മാറ്റിവെച്ച്, തീര്‍ത്തും ജനാധിപത്യപരമായി ഇടപെടാനുള്ള
സാമാന്യബുദ്ധി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments