Latest NewsKerala

ദീപാ നിഷാന്തിന് പിന്നാലെ എസ്എഫ്‌ഐ ഇറക്കിയ മാഗസിനില്‍ വന്ന കവിതയും മോഷണ വിവാദത്തില്‍

കൂത്തുപറമ്പ് : എഴുത്തുകാരിയും കോളേജ് അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിഷാന്ത് കവിതാ മോഷണത്തിന് പിടിക്കപ്പെട്ടതിന് പിന്നാലെ എസ്എഫ്‌ഐ ഇറക്കിയ കോളേജ് മാഗസിനിലെ കവിതയും മോഷണ വിവാദത്തില്‍. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് യൂണിയന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

എസ്എഫ്‌ഐയുടെ നേതൃതത്തിലാണ് നിലവിലെ കോളേജ് യൂണിയന്‍. രണ്ടു വര്‍ഷം മുന്‍പ് കെഎസ്‌യു വിന്റെ നേതൃത്വത്തിലുള്ള കോളേജ് മാഗസീനില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരില്‍ ഇത്തവണത്തെ മാഗസിനിലും അച്ചടിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. 2014-15 വര്‍ഷത്തില്‍ ‘സ്‌മൈലി’ എന്ന പേരില്‍ കെഎസ്‌യു യൂണിയന്‍ ഇറക്കിയ മാഗസീനില്‍ ‘രക്തം’ എന്ന പേരില്‍ ആഷ്ബിന്‍ എബ്രഹാം എന്ന വിദ്യാര്‍ത്ഥി എഴുതിയ കവിതയാണ് വീണ്ടും പൊടി തട്ടിയെടുത്ത് പുതിയ മാഗസിനില്‍ തലക്കെട്ടില്ലാതെ പി.എ.അഭിനവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത കുറച്ചു കോപ്പികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മടക്കി വാങ്ങിയതായും കെഎസ്‌യു ആരോപിക്കുന്നു. മാഗസിന്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. തന്റെ കവിത മോഷ്ടിച്ചതിന് മാപ്പ് വേണ്ടെന്നും വ്യക്തമായ മറുപടി നല്‍കിയാല്‍ മതിയെന്നും ആഷ്ബിന്‍ എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button